ഓട്ടവ: കാനഡയിൽ പുതിയ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം വാഗ്ദാനം ചെയ്യുകയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി(സിബിഎസ്എ). ഏജൻസിയിലേക്ക് നിയമനം നടത്തുകയാണ് സിബിഎസ്എ. ബോർഡർ സർവീസസ് ഓഫീസർ ട്രെയിനി പ്രോഗ്രാമിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2026 ഫെബ്രുവരി 27 വരെ നീട്ടിയതായി ഏജൻസി അറിയിച്ചു. താൽപ്പര്യമുള്ളവർക്ക് സിബിഎസ്എയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകൾ അയക്കാം.
അതിർത്തികൾ വഴി നിയമാനുസൃതമായ വ്യാപാരത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കുക, നിരോധിത വസ്തുക്കളും അനധികൃതമായി കടക്കുന്ന ആളുകളും രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നിവയാണ് ബോർഡർ സർവീസസ് ഓഫീസർമാരുടെ ജോലി. തസ്തികകൾ ലഭ്യമാകുമ്പോൾ സിബിഎസ്എ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതയുള്ള അപേക്ഷകർക്ക് ഒഴിവുകളിലേക്ക് അപേക്ഷ നൽകാമെന്ന് ഏജൻസി അറിയിച്ചു.
അപേക്ഷകൾ മൂന്ന് മാസത്തേക്ക് ഏജൻസിയുടെ ഇൻവെന്ററിയിൽ സൂക്ഷിക്കും. കാലാവധി തീരുന്നതിന് മുമ്പ് അപേക്ഷകരെ അറിയിക്കും. തുടർന്ന് അപേക്ഷകർക്ക് അപേക്ഷ പുതുക്കാൻ കഴിയും. ഒഴിവുകളുടെ ലഭ്യത അനുസരിച്ച് നിയമനം നടത്തുകയും ചെയ്യും. സിബിഎസ്എ പ്രകാരം നിയമിക്കുന്ന തസ്തികകളിലെ ശമ്പളം 80,344 ഡോളർ മുതൽ 89,462 ഡോളർ വരെയാണ്. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സിബിഎസ്എ വെബ്‌പേജ് സന്ദർശിക്കുക.