newsroom@amcainnews.com

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര; തൃശ്ശൂർ ജില്ലയിൽ ദിവസവും കാൽലക്ഷത്തോളം സൗജന്യ ടിക്കറ്റ്

തൃശ്ശൂർ • സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയ സംസ്ഥാന സർക്കാർ പദ്ധതിയുടെ പ്രയോജനം ജില്ലയിൽ ആയിരക്കണക്കിന് സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ലഭിക്കും. ജില്ലയിൽ മാള, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ ഡിപ്പോകളിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് ഓപ്പറേറ്റിങ് സെന്ററുകളിലുമായി ആകെ 126 ഓർഡിനറി ബസുകൾ കെഎസ്ആർടിസിക്കുണ്ട്.

ഇവയും ലിമിറ്റഡ്, ടൗൺ ടു ടൗൺ (ടിടി) ബസുകളും ചേർത്ത് ദിവസവും ഏതാണ്ട് 1000 ട്രിപ്പുകൾ നടത്താൻ ആകുമെങ്കിലും ജീവനക്കാരുടെ ക്ഷാമം, ബസുകളുടെ അറ്റകുറ്റപ്പണികൾ, തകരാർ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഒട്ടേറെ ട്രിപ്പുകൾ മുടങ്ങുന്നു. നിലവിൽ എഴുന്നൂറോളം ട്രിപ്പുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഗ്രാമവണ്ടികളിലും സൗജന്യ യാത്രയാകാം. സമീപ ജില്ലകളിൽ നിന്നു തൃശ്ശൂരിലെ വിവിധ ഡിപ്പോകളിലെത്തി മടങ്ങുന്ന ഓർഡിനറി ബസുകളും പ്രയോജനപ്പെടും. എല്ലാ ട്രിപ്പുകളിലും സാധാരണ ഗതിയിൽ പകുതിയോളം യാത്രക്കാർ സ്ത്രീകളാണ്. യാത്ര സൗജന്യം ആകുമ്പോൾ വനിതകൾ കൂടുതൽ എത്താനും സാധ്യത. ദിവസവും കാൽലക്ഷത്തോളം സ്ത്രീകൾക്ക് ജില്ലയിൽ പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും യാത്ര സൗജന്യമാണ്.

പുതുക്കാട്: 176 ട്രിപ്പ് പുതുക്കാട് ഓപ്പറേറ്റിങ് സെന്ററിൽ ഭൂരിഭാഗവും ഓർഡിനറി ബസുകളാണ്. ആകെ 23 ഷെഡ്യൂളുകളുള്ളതിൽ 21 എണ്ണവും ഓർഡിനറി ട്രിപ്പുകൾ. ബാക്കി രണ്ടെണ്ണം ഫാസ്റ്റ് പാസഞ്ചറുകളാണ്. ആകെ 194 ട്രിപ്പുകളാണുള്ളത്. ഇതിൽ 176 ട്രിപ്പുകളും ഓർഡിനറി. മൂപ്ലിയം, പാലപ്പിള്ളി, ചിമ്മിനി ഡാം, മരോട്ടിച്ചാൽ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, തിരുവില്വാമല എന്നിവിടങ്ങളിലേക്കാണ് ഓർഡിനറി ട്രിപ്പുകൾ. മണ്ണുത്തി ഭാഗത്തേക്കും ട്രിപ്പുണ്ട്. 21 ഷെഡ്യൂളുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 17 എണ്ണമാണ് സ്ഥിരമായി സർവീസ് നടത്തുന്നത്.

കൊടുങ്ങല്ലൂർ: 70 ട്രിപ്പ് കൊടുങ്ങല്ലൂരിന് 15 ഓർഡിനറി ബസുകളുണ്ട്-ആകെ 70 ട്രിപ്പുകൾ. ഇതിൽ ആറു ട്രിപ്പുകൾ എറണാകുളം-ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസാണ്. ഏഴാമത്തെ സർവീസ് കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട വഴി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. അഴീക്കോട്-വാടാനപ്പള്ളി വഴി മെഡിക്കൽ കോളേജ് ആശുപത്രി, കൊടുങ്ങല്ലൂർ-കോതമംഗലം വഴി മൂന്നാർ, കൊടുങ്ങല്ലൂർ ഗോശ്രീ പാലം വഴി എറണാകുളം, കൊടുങ്ങല്ലൂർ-മാല്യങ്കര വഴി ചേർത്തല, കൊടുങ്ങല്ലൂർ ഗോശ്രീ പാലം വഴി പാലാരിവട്ടം, കൊടുങ്ങല്ലൂർ-കാക്കനാട് എന്നിങ്ങനെയാണ് മറ്റു ട്രിപ്പുകൾ. ഏരിയ സർവീസും പുലർച്ചെ 4.50 മുതൽ രാവിലെ 9.45 വരെയുള്ള സമയത്താണ് ആരംഭിക്കുന്നത്. രാത്രി 9ന് അവസാനിക്കുന്ന രീതിയിലാണ് ഓർഡിനറി ട്രിപ്പുകളുടെ ഷെഡ്യൂൾ.

ഇരിങ്ങാലക്കുട: 17 ട്രിപ്പുകൾ മുരിയാട് പഞ്ചായത്തിലേക്കുള്ള ഗ്രാമവണ്ടി ഉൾപ്പെടെ 8 ഓർഡിനറി ബസുകളുണ്ട്- ആകെ 17 ട്രിപ്പുകൾ. മുൻപ് കൂടുതൽ ബസുകളുണ്ടായിരുന്നെങ്കിലും ജീവനക്കാരുടെ കുറവു കാരണം സർവീസുകൾ റദ്ദാക്കുകയായിരുന്നു. ജീവനക്കാരില്ലാത്തതിനാൽ 8 ഓർഡിനറി ബസുകൾ നിരത്തിലിറങ്ങാറില്ല. ഗുരുവായൂർ, എറണാകുളം ജെട്ടി, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്, ഗ്രാമവണ്ടി (ഇരിങ്ങാലക്കുട-മുരിയാട്-നെല്ലായി) എന്നിങ്ങനെയാണ് ഓർഡിനറി ട്രിപ്പുകൾ.

മാള: 87 ട്രിപ്പ് മാളയ്ക്കായി സ്വന്തമായി 20 ഓർഡിനറി ബസുകളുണ്ട്. എന്നാൽ ഡിപ്പോയിൽ നിന്നും പ്രതിദിനം 75 ഓർഡിനറി ട്രിപ്പുകൾ നടത്തുന്നു. തൃശ്ശൂർ-35, ആലുവ-15, കൊടുങ്ങല്ലൂർ-25 എന്നിങ്ങനെയാണ് സ്വന്തം ട്രിപ്പുകൾ. കുഴൂർ പഞ്ചായത്തിന്റെ ഗ്രാമവണ്ടി 12 സർവീസുകൾ നടത്തുന്നു. പുലർച്ചെ 4.55 മുതൽ വൈകിട്ട് 6.40 വരെ വിവിധ സമയങ്ങളിലാണ് തൃശ്ശൂരിലേക്കുള്ള ട്രിപ്പുകളുടെ സമയം. ഇതിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സർവീസുണ്ട്. ആലുവയിലേക്ക് കുന്ദംകുളം, ചാലക്കുടി, അങ്കമാലി എന്നീ പ്രദേശങ്ങളിലൂടെയാണ് വിവിധ സമയത്തെ ട്രിപ്പുകൾ.

ഗുരുവായൂർ: 28 ട്രിപ്പ് ഗുരുവായൂർ ഡിപ്പോയ്ക്കായി സ്വന്തമായി 19 ഓർഡിനറി ബസുകളുണ്ടെങ്കിലും സർവീസ് നടത്തുന്നത് 14 ബസുകൾ. ഇതിലൊന്ന് എളവള്ളി പഞ്ചായത്തിന്റെ ഗ്രാമവണ്ടിയാണ്. ആകെ 28 ട്രിപ്പുകൾ. എറണാകുളം ജെട്ടി, പൊന്നാനി വഴി കോഴിക്കോട്, പാലക്കാട്, വടക്കാഞ്ചേരി വഴി പാലക്കാട്, വാടാനപ്പള്ളി-ചേറ്റുവ വഴി തൃശ്ശൂർ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. പുലർച്ചെ 4.25 മുതൽ രാവിലെ 8.45 വരെയാണ് കൂടുതൽ സർവീസുകളും ആരംഭിക്കുന്നത്. കോഴിക്കോട്ടേക്കുള്ള രണ്ട് ട്രിപ്പുകൾ ടൗൺ ടു ടൗൺ സർവീസാണ്.

തൃശ്ശൂർ ഡിപ്പോയിൽനിന്ന് പ്രതിദിനം 120 ട്രിപ്പുകൾ 20 ഓർഡിനറി ബസുകൾ സ്വന്തമായുണ്ടെങ്കിലും തൃശ്ശൂരിൽ നിന്ന് പ്രതിദിനം ഏകദേശം 15 ബസുകളാണ് സർവീസ് നടത്തുന്നത്- 120 ട്രിപ്പുകൾ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ സർവീസുകൾ മുടങ്ങും. ഒട്ടാകെ ഓർഡിനറി സർവീസുകളുണ്ട്. ഇതിന്റെ ഫലമായി പാലക്കാട്ടേക്കുള്ള രണ്ട് ടൗൺ ടു ടൗൺ സർവീസ് റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്, പൊള്ളാച്ചി, പെരിന്തൽമണ്ണ വട്ടപ്പാടം എന്നിങ്ങനെയാണ് കൂടുതൽ ട്രിപ്പുകൾ. ഇതോടൊപ്പം പാലക്കാട് നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും തൃശ്ശൂരിൽ വന്നു മടങ്ങുന്ന ഓർഡിനറി സർവീസുകളുണ്ട്.

ചാലക്കുടി ഡിപ്പോ: ട്രിപ്പുകൾ 121 ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡ് വഴി തൃശ്ശൂർ ഭാഗത്തേക്ക് പ്രതിദിനം 30 ഓർഡിനറി ട്രിപ്പുകളുണ്ട്. ആലുവ-30, മണ്ണുത്തി-20, അതിരപ്പിള്ളി-15 എന്നീ ട്രിപ്പുകളും തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് 8 ട്രിപ്പുകളുമുണ്ട്. അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്ക് 4 ട്രിപ്പുകൾ. നാലുകെട്ട്-ഇളഞ്ഞപ്ര ഭാഗം, അടിപ്പിള്ളി പ്ലാന്റേഷൻ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളിലേക്ക് രണ്ടു വീതം ട്രിപ്പുകളും നടത്തുന്നു.

ചോറ്റാനിക്കരയിലേക്കും രണ്ട് ട്രിപ്പുണ്ട്. കുറ്റിക്കാട്, കുറ്റിച്ചിറ, ചായ്പ്പൻകുഴി ഭാഗത്തേക്ക് അഞ്ച് ട്രിപ്പുകളും അന്നനാട്, കാടുകുറ്റി, പാളയംപറമ്പ് റൂട്ടിൽ ഒരു ട്രിപ്പും നടത്തുന്നു. അങ്ങനെ ആകെ 121 ട്രിപ്പുകളാണുള്ളത്. ഇതിൽ ചാലക്കുടി ഡിപ്പോയ്ക്ക് സ്വന്തമായുള്ള ബസുകൾ 24 എണ്ണമാണ്.

You might also like

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

China's visa-free policy boosts travel between Canada and China

ചൈനയുടെ വിസ രഹിത നയം കാനഡയും ചൈനയും തമ്മിലുള്ള യാത്ര വർദ്ധിപ്പിക്കുന്നു

Banking Service Charges Surge: Heavy Financial Burden on Customers

ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

Top Picks for You
Top Picks for You