കോട്ടയം: വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്നാഥ് (4) ആണ് മരിച്ചത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ട് ചാർജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയിൽ ഇരിക്കുകയായിരുന്നു ആര്യയും കുഞ്ഞും. ഇതിനിടെ ചാർജ് ചെയ്യാൻ എത്തിയ മറ്റൊരു കാർ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേൽ ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലാ പോളിടെക്നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാർ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് വിവരം.