newsroom@amcainnews.com

കേട്ടാൽ മൂക്കത്തു വിരൽവച്ചുപോകുന്ന അമേരിക്കയിലെ ചില ‘വീട്ടു’ വിശേഷങ്ങൾ…

കാര്യം ലോകത്തെ ഏറ്റവും വലിയ ശക്തിയുള്ള രാജ്യമൊക്കെത്തന്നെ. എന്നാൽ അമേരിക്കയിലെ ചില വിശേഷങ്ങൾ കേട്ടാൽ മൂക്കത്തു വിരൽവച്ചുപോകും.. അത്ര ഗംഭീരവും വിചിത്രവുമാണ്. യുഎസിലെ ചില വീട്ടുവിശേഷങ്ങൾ ഒന്നു കേട്ടാലോ?

അച്ചാർഭരണി വീട് – യുഎസിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണ് പിക്കിൾ ബാരൽ ഹൗസ് അഥവാ അച്ചാർഭരണി വീട്. 1926ൽ പയനിയർ കൂപ്പറേജ് കമ്പനിയാണ് ഈ വീട് പണിതത്. വില്യം ഡോനാഹി എന്ന കാർട്ടൂണിസ്റ്റിനുള്ള വേനൽക്കാല വസതിയെന്ന നിലയിലാണ് ഈ വീട് പണികഴിപ്പിച്ചത്. ഷിക്കാഗോ ട്രിബ്യൂൺ എന്ന പത്രത്തിനായി ഒരു പോക്കറ്റ് കാർട്ടൂൺ അദ്ദേഹം വരച്ചത് വലിയ ജനശ്രദ്ധ നേടിയിരുന്നു. സേബിൾ എന്ന തടാകക്കരയിലായിരുന്നു ഈ വിചിത്രവീട് ആദ്യം നിലകൊണ്ടത്. എന്നാൽ പിന്നീട് അതു മാറ്റി ഗ്രാൻഡ് മറൈസിൽ സ്ഥാപിക്കുകയായിരുന്നു.

ദ്വീപിന് നടുവിലെ ഒറ്റവീട്’ ലോകത്തിലെ ഏറ്റവും ഏകാന്തവും വിദൂരവുമായ വീട് – അമേരിക്കയിലെ മെയ്‌നിലെ വോഹോവ ഉൾക്കടലിലുള്ള ഡക്ക് ലെഡ്ജസ് ദ്വീപിലാണു വീട് സ്ഥിതി ചെയ്യുന്നത്. 540 ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഈ വീടിന് അയൽവീടുകളൊന്നുമില്ല. ചുറ്റുവട്ടത്തൊന്നും മറ്റൊരു കെട്ടിടം പോലുമില്ലെന്ന് അർഥം. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ദ്വീപിൽ ഈയൊരു വീടു മാത്രമാണ് ഉള്ളത്.

ദ്വീപിലെ ബീച്ചിനോട് തൊട്ടടുത്തായാണു വീട് സ്ഥിതി ചെയ്യുന്നത്. ഒന്നരയേക്കറോളം വരും വീടിന്റെ കോംപൗണ്ട്. വീട്ടിൽ ഒരു കിടപ്പുമുറിയും ബാത്‌റൂമും മാത്രമാണുള്ളത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മനോഹരമായ കാഴ്ച ഈ വീട്ടിൽ നിന്നു ലഭിക്കും. ഒട്ടേറെ സീലുകളും മറ്റും ഇതിനു സമീപത്തായി അധിവാസമുറപ്പിച്ചിട്ടുണ്ട്. 2009ലാണു വീട് പണിതത്. പരിമിതമെങ്കിലും സെറ്റിയും കിടക്കയുമടക്കം ഫർണീച്ചറുൾപ്പെടെ സൗകര്യങ്ങൾ വീട്ടിനുള്ളിലുണ്ട്.

അമേരിക്കയുടെ ഏറ്റവും ഗ്രാമീണമായ സ്ഥലമെന്നു പേരുള്ള സംസ്ഥാനമാണു മെയ്ൻ. കാനഡയുമായി അതിർത്തി പങ്കിട്ടാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. കനേഡിയൻ പ്രവിശ്യയായ ക്യുബെക്കുമായി വലിയ സാമീപ്യം മെയ്ൻ പുലർത്തുന്നു. പോർട്ലാ‌ൻഡാണു മെയ്ൻ സംസ്ഥാനത്തിന്റെ തലസ്ഥാനം. പൊതുവെ തണുത്ത ശരത്കാലങ്ങളും അത്രയ്ക്ക് ഉയരാത്ത വേനൽക്കാലങ്ങളുമടങ്ങിയതാണു മെയ്ൻ സംസ്ഥാനത്തെ കാലാവസ്ഥ. നിബിഡ വനങ്ങൾക്കും രുചിയേറിയ ബ്ലൂബെറിപ്പഴങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. ഏതായാലും ഈ വിചിത്രവീട് ഇപ്പോൾ വിൽപനയ്ക്കു വച്ചിരിക്കുകയാണ്.

കളർമാറും ഓന്തുവീട് – കളർമാറുന്ന ഓന്തുകളെ നാം കണ്ടിട്ടുണ്ട്, കളർമാറുന്ന ചില പൂക്കളൊക്കെയുമുണ്ട്. എന്നാൽ നിറം മാറുന്ന വീട്? അങ്ങനെയൊന്നുണ്ട്. മിഷിഗനിലെ നോർത്ത് പോർട്ടിൽ മിഷിഗൻ തടാകക്കരയിലാണ് ഈ വീടുള്ളത്. ഈ വീടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ചില പ്രത്യേകതരം പോളിത്തീൻ ഘടനകൾ ചുറ്റുമുള്ള പ്രകൃതിയുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനാലാണ് ഈ വീടിനു നിറംമാറാനുള്ള ശേഷി കിട്ടിയത്. 2006ൽ ആണ് ഈ വീട് പണി കഴിപ്പിച്ചത്.

മിസൈൽ വീട് – ന്യൂയോർക്കിലെ ലൂയിസിൽ പണ്ടൊരു ഭൂഗർഭ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്തിരുന്നു. ശീതയുദ്ധകാലത്തൊക്കെ ഇതു പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്നിതൊരു സ്വകാര്യ വസതിയാണ്. 40 അടി താഴ്ചയിലാണ് ഇത്. എന്നാൽ ഗ്രേഡ് താഴ്ത്തപ്പെട്ടിടുണ്ടെങ്കിലും കെട്ടിടത്തിന്‌റെ രഹസ്യസ്വഭാവത്തിനു മാറ്റമൊന്നുമില്ല.

ഈ വീട് പുറത്തുനിന്നു കണ്ടുപിടിക്കാൻ പാടാണ്. ഒട്ടും സംശയം തോന്നിക്കാത്ത ഒരു വാതിലിലൂടെയാണ് ഈ വീട്ടിലേക്കു പ്രവേശിക്കേണ്ടത്. അലക്‌സാണ്ടർ മിഷൽ എന്ന വ്യക്തിയാണ് ഈ വീടിന്‌റെ ഉടമ.ചരിത്രമുറങ്ങുന്ന ഈ കെട്ടിടത്തിന്‌റെ തനിമ അദ്ദേഹം നിലനിർത്തുകയായിരുന്നു. ചില സിനിമകളിലൊക്കെ കാണുന്ന ഭൂഗർഭ താവളങ്ങളെ അനുസ്മരിപ്പിക്കും ഈ വീട്.

You might also like

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You