രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷത്തിലധികം ആളുകൾ ജീവനൊടുക്കുന്നുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ മാത്രം ഇന്ത്യയിൽ 1,70,746 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 73.5 ശതമാനവും (1,25,449 പേർ) പുരുഷന്മാരാണെന്നത് ശ്രദ്ധേയമാണ്. മുൻവർഷങ്ങളിലും സമാനമായ രീതിയിലുള്ള ഉയർന്ന കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്; 2023-ൽ 1,71,418 പേരും, 2022-ൽ 1,70,924 പേരും, 2021-ൽ 1,64,033 പേരും, 2020-ൽ 1,53,052 പേരും രാജ്യത്ത് ജീവനൊടുക്കിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യകൾക്ക് പിന്നിലെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ആത്മഹത്യാ നിരക്കിൽ കേരളവും ആശങ്കാജനകമായ വിധത്തിൽ മുൻപന്തിയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2024-ൽ രാജ്യത്താകെ റിപ്പോർട്ട് ചെയ്ത ആത്മഹത്യകളിൽ 6.4 ശതമാനവും (10,856 പേർ) കേരളത്തിലാണ് നടന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ഒരു ലക്ഷം ജനസംഖ്യയിലെ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോൾ ദേശീയ ശരാശരി 12.2 മാത്രമാണ്. എന്നാൽ കേരളത്തിൽ ഇത് 30.2 ആയി ഉയർന്നു നിൽക്കുന്നു. ഇതോടെ ആത്മഹത്യാ നിരക്കിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ആത്മഹത്യകളുമായി ബന്ധപ്പെട്ട് അതീവ ഗൗരവകരമായ മറ്റ് ഒട്ടേറെ നിരീക്ഷണങ്ങളും എൻസിആർബി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

















