അമേരിക്കയിലെ ഇന്ത്യൻ വംശജ തന്റെ ഇന്ത്യൻ പാസ്‌പോർട്ടിനെക്കുറിച്ച് തമാശയായി വിലപിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. വിമാനം വൈകിയതിനാൽ തനിക്കും മറ്റ് നിരവധി യാത്രക്കാർക്കും കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ കുടുങ്ങിയപ്പോൾ കമ്പനി നൽകിയ ചെറിയ ഹോട്ടൽമുറിയിൽ നിന്നാണ് അനിഷ അറോറ വീഡിയോ പകർത്തിയത്.
വിമാനം റദ്ദാക്കപ്പെട്ട അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറികളാണ് താമസത്തിനായി ലഭിച്ചതെന്ന് അറോറ പറഞ്ഞു. അതേസമയം, തനിക്ക് കണക്റ്റിംഗ് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ജർമ്മൻ വിമാനത്താവളത്തിലെ കാപ്‌സ്യൂൾ വലിപ്പമുള്ള മുറിയുമായി പൊരുത്തപ്പെടേണ്ടി വന്നുവെന്ന് പോസ്റ്റിൽ പറയുന്നു. വീഡിയോയിൽ ചെറിയ മുറിയുടെ ദൃശ്യവും അറോറ കാണിക്കുന്നുണ്ട്.
അടുത്ത വിമാനം ലഭിക്കാൻ 20 മണിക്കൂർ സമയമെടുക്കും. അതിനിടയിൽ യുഎസ് പാസ്‌പോർട്ടുള്ളവർക്ക് പുറത്തുപോയി ജർമ്മനിയിലെ സ്ഥലങ്ങൾ കാണാനുള്ള സമയമുണ്ട്. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള താൻ ഖേദിക്കുന്നുവെന്ന് അറോറ പറഞ്ഞു. ഷെങ്കൻ വിസ ഇല്ലാത്തതിനാൽ ചെറിയ മുറിയിൽ തന്നെ പുറത്തിറങ്ങാൻ കഴിയാതെ ഇരിക്കേണ്ടി വന്നുവെന്നും അറോറ വിശദീകരിക്കുന്നു. നിരവധിയാളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും അറോറയുടെ വീഡിയോ പോസ്റ്റിന് കീഴിൽ കമന്റുകളിട്ടിട്ടുണ്ട്.