റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെ വിശദമായി അന്വേഷിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മറ്റ് നാലു കുട്ടികൾക്കുകൂടി എച്ച്ഐവി പോസിറ്റീവ് ആയെന്ന് വ്യക്തമായത്. എല്ലാവരും തലസ്സീമിയ രോഗം ബാധിച്ചവരാണ്.
ആദ്യം എച്ച്ഐവി ബാധിച്ച കുട്ടി ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ഒരാഴ്ച മുൻപാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഒരു വട്ടം ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ളവയിലൂടെ എച്ച്ഐവി പകരാമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാജീ അറിയിച്ചു. സർക്കാരിന്റെ അന്വേഷണ സംഘം സർദാർ ആശുപത്രി ബ്ലഡ് ബാങ്കും പീഡിയാട്രിക് ഐസിയുവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിൽ 515 എച്ച്ഐവി പോസിറ്റീവ് കേസുകളുണ്ട്. 56 തലസ്സീമിയ രോഗികളുമുണ്ട്.
ബ്ലഡ് ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശേഖരിക്കുന്ന രക്തം ക്യത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും, രേഖകൾ ശരിയായി സൂക്ഷിക്കപ്പെടുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്നും ഇവർ കണ്ടെത്തി. ഇക്കാര്യങ്ങൾ സംഘം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ബ്ലഡ് ബാങ്കിലെ ഒരു ജീവനക്കാരനും ആദ്യം രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ബന്ധുവും തമ്മിൽ തർക്കമുണ്ടെന്നും ഒരുവർഷത്തിലേറെയായി ഒരു കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും ജില്ലാ പഞ്ചായത്ത് അംഗം മാധവ് ചന്ദ്ര കുൻകൽ ആരോപിച്ചിട്ടുണ്ട്.
എന്താണ് തലസ്സീമിയ രോഗം?
പാരമ്പര്യ രക്തവൈകല്യ രോഗമാണ് തലസ്സീമിയ. മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്ക് ജീനുകൾ വഴിയാണ് ഇതു പകരുന്നത്. ഈ രോഗം ബാധിച്ചവരിൽ ശരീരത്തിലെ ചുവന്ന രക്താണുക്കളിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിൻ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നില്ല. അല്ലെങ്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹീമോഗ്ലോബിന് തകരാറുണ്ടാകുന്നു. ആവശ്യത്തിന് ഹീമോഗ്ലോബിൻ ഇല്ലാത്തതിനാൽ, ചുവന്ന രക്താണുക്കൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാനോ ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാനോ കഴിയാതെ വരുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകുന്നു. കഠിനമായ ക്ഷീണം, വിളറിയ ചർമം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈ രോഗികൾക്ക് പതിവായി രക്തം സ്വീകരിക്കേണ്ടി വരാറുണ്ട്.







