newsroom@amcainnews.com

ഫിഫ ലോകകപ്പ്: ടൊറൻ്റോയിലും വൻകൂവറിലും പാർട്ട്-ടൈം ജോലികൾക്ക് വൻ ഡിമാൻഡ്

ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാനഡയിലെ സാധാരണക്കാർക്ക് വൻ വരുമാന സാധ്യത ഒരുക്കും.  കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ കാനഡയിലെ മത്സരങ്ങൾ ടൊറൻ്റോ, വൻകൂവർ എന്നീ നഗരങ്ങളിലാണ് നടക്കുന്നത്. കളി നേരിട്ട് കാണാൻ ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് പോലും പാർട്ട് ടൈം, താത്‌ക്കാലിക ജോലികളിലൂടെ  ഈ ആഗോള മാമാങ്കത്തിന്റെ ഭാഗമാകാനും ഒപ്പം മികച്ച വരുമാനം ഉണ്ടാക്കാനും ഇതൊരു സുവർണ്ണാവസരമാണെന്ന്‌ വിദഗ്‌ദ്ധർ പറയുന്നു.

സുരക്ഷാ ജീവനക്കാർ, വെന്യൂ കോ-ഓർഡിനേറ്റർമാർ, ബാർടെൻഡർമാർ, ഹോട്ടൽ/ഭക്ഷണ വിതരണ ജീവനക്കാർ തുടങ്ങി നിരവധി മേഖലകളിലാണ് പതിനായിരക്കണക്കിന് താൽക്കാലിക ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ, നഗരത്തിലെ ചെറുകിട ബിസിനസുകളും റെസ്റ്റോറന്റുകളും കളി കാണാനെത്തുന്ന ലക്ഷക്കണക്കിന് ആരാധകരെ സ്വീകരിക്കാനായി തങ്ങളുടെ ജീവനക്കാരുടെ എണ്ണം കൂട്ടുകയാണ്. ഹാരിസൺ സ്റ്റാഫിംഗ് പോലുള്ള പ്രമുഖ ഏജൻസികൾ ടൊറന്റോയിലെ ‘കാനഡ സോക്കർ ഹൗസ്’ ഫാൻ ഡെസ്റ്റിനേഷനിലേക്ക് ഏപ്രിൽ മാസം മുതൽ തന്നെ ജീവനക്കാരെ എടുത്തുതുടങ്ങിയിരുന്നു. അപേക്ഷകരിൽ ഭൂരിഭാഗവും യുവാക്കളാണെന്ന് ഏജൻസി മേധാവി ഡാനി മുറെൽ വ്യക്തമാക്കി. കാനഡയിൽ ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, ഒരു പ്രധാന വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ് അപേക്ഷകരിൽ 30 മുതൽ 40 ശതമാനം വരെ ആളുകൾ. ബാക്കി 50 ശതമാനത്തോളം പേർ വിദ്യാർത്ഥികളാണ്. അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, നിലവിൽ സ്ഥിരജോലിയുള്ള കാനഡക്കാരിൽ പലരും ലോകകപ്പുമായി ബന്ധപ്പെട്ട താൽക്കാലിക ജോലികൾ ചെയ്യാനായി തങ്ങളുടെ വാർഷിക അവധിയോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയോ എടുക്കാൻ പോലും തയ്യാറാണ്.

ലോകകപ്പ് വഴി കോടികളുടെ സാമ്പത്തിക നേട്ടമാണ് കാനഡ പ്രതീക്ഷിക്കുന്നത്. ഫിഫയുടെ കണക്കുകൂട്ടൽ പ്രകാരം 94 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാകും. വൻകൂവറിൽ മാത്രം  ടൂറിസം മേഖലയിൽ അടുത്ത 5 വർഷത്തിനുള്ളിൽ 100 കോടിയിലധികം ഡോളർ വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

ഉയർന്ന ജീവിതച്ചെലവ് കാരണം ജനങ്ങൾ മറ്റ് വരുമാനമാർഗ്ഗങ്ങൾ തേടുന്നതിനാൽ, ജീവനക്കാർ മറ്റ് പാർട്ട് ടൈം ജോലികൾ ചെയ്യുന്നത് വിലക്കുന്ന പഴയ കമ്പനി നിയമങ്ങൾ മാറ്റാൻ തൊഴിലുടമകൾ തയ്യാറാകണമെന്ന് തൊഴിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇത്തരം താൽക്കാലിക ജോലികളിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തിന് കൃത്യമായി നികുതി മാറ്റിവെച്ചില്ലെങ്കിൽ, അടുത്ത വർഷം (2027 ഏപ്രിലിൽ) ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വലിയ തുക നികുതിയായി നൽകേണ്ടി വരുമെന്ന്‌  സാമ്പത്തിക വിദഗ്ദ്ധയായ സ്റ്റേസി യാൻചുക്ക് ഓർമ്മിപ്പിച്ചു.

You might also like
Kerala is having fewer children. This is bad news for teachers

കേരളത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നു: അധ്യാപകർക്ക് തിരിച്ചടിയാകുന്നു

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

Over-Policing in New York: Protests Intensify Against Mayor's Stance

ന്യൂയോർക്കിൽ അതിരുകടന്ന പൊലീസ് നിരീക്ഷണം: മേയറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Top Picks for You
Top Picks for You