ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ഫുട്ബോൾ ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 60 ഡോളർ മുതൽ ആരംഭിക്കുമെന്നും ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 6,730 ഡോളർ വരെ ഉയരുമെന്നും ഫിഫ സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് 2026 ജൂണിൽ ആരംഭിച്ച് ജൂലൈ 19 ന് ഫൈനലോടെ അവസാനിക്കും. യുഎസിലെയും മെക്സിക്കോയിലെയും പ്രധാന നഗരങ്ങൾക്ക് ഒപ്പം കാനഡയിലെ ടൊറൻ്റോ, വൻകൂവർ എന്നീ നഗരങ്ങളും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
സെപ്റ്റംബർ 10 മുതൽ സെപ്റ്റംബർ 19 വരെ നടക്കുന്ന എക്സ്ക്ലൂസീവ് വീസ പ്രീസെയിൽ നറുക്കെടുപ്പിലൂടെയാണ് ആദ്യഘട്ട വിൽപ്പന നടക്കുക. ഈ ഘട്ടത്തിൽ ഏകദേശം പത്ത് ലക്ഷത്തോളം ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫ ഐഡിയും സാധുവായ വീസ കാർഡും ഉള്ള 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരത്തിനായി നറുക്കെടുപ്പിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും ആരാധകർ FIFA.com/tickets-ൽ FIFA ഐഡി സൃഷ്ടിക്കണം. വിജയികളായ അപേക്ഷകരെ സെപ്റ്റംബർ 29 മുതൽ അറിയിക്കുകയും ഒക്ടോബർ 1 മുതൽ ടിക്കറ്റുകൾ വാങ്ങുന്നതിന് സ്ലോട്ട് നൽകുകയും ചെയ്യും.







