വൻകൂവർ : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം ബ്രിട്ടിഷ് കൊളംബിയയിലെ പെംബർട്ടണിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചില പ്രദേശങ്ങിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലെ 1674 മുതൽ 2000 വരെയുള്ള നമ്പറുകളിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും വീശിയടിച്ചതിനെത്തുടർന്ന്, പെംബർട്ടൺ വാലി, ഹോവ് സൗണ്ട്, സീ ടു സ്കൈ, നോർത്ത് ഷോർ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് കരകവിഞ്ഞൊഴുകുകയോ അല്ലെങ്കിൽ ഉടൻ തന്നെ കരകവിയാൻ സാധ്യതയുണ്ടെന്നോ ആണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് (flood warning) അർത്ഥമാക്കുന്നത്. ഇതിനെത്തുടർന്ന് നദികളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം.
വ്യാഴാഴ്ചയോടെ മഴയുടെ തീവ്രത കുറയുമ്പോഴേക്കും വിസ്‌ലർ, പെംബർട്ടൺ മേഖലകളിൽ 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് ‘എൻവയൺമെൻ്റ് കാനഡ’ പ്രവചിക്കുന്നു. ‘സീ ടു സ്കൈ ഹൈവേ’, ‘ഹോവ് സൗണ്ട്’ എന്നിവിടങ്ങളിൽ ഇതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.








