ന്യൂയോർക്ക്: അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ഫീസ് വർധിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി ജൂലൈ 3ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ അധിക ഫീസ് അമേരിക്കൻ പൗരന്മാർക്കുള്ള സേവനങ്ങൾ, ആക്‌സസ്, അഫോർഡബിളിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കാണ് പോവുക.
വിദേശ സന്ദർശകർക്ക് മാത്രം ഫീസ് വർധിപ്പിക്കാനും ദേശീയ പാർക്കുകൾ കൂടുതൽ അഫോർഡബിളാക്കുന്നതിനും അമേരിക്കൻ കുടുംബങ്ങൾക്ക് ആസ്വാദ്യകരമാക്കാനും ഉത്തരവിൽ ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു. ദേശീയോദ്യാനങ്ങളുടെ സംരക്ഷണ പദ്ധതികൾക്കായി ദശലക്ഷകണക്കിന് പണം സമാഹരിക്കാനും, അറ്റകുറ്റപ്പണി പദ്ധതികൾ കുറയ്ക്കാനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഫീസ് വർധിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണൽ പാർക്ക് സർവീസ്(NPS) 2026 ൽ പുതിയ ഫീസ് പ്രഖ്യാപിക്കും.
അതേസമയം, അമേരിക്കയിലെ എല്ലാ ദേശീയോദ്യാനങ്ങളും ഫീസ് ഈടാക്കുന്നില്ല. ചിലത് പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നിട്ടുണ്ട്. എങ്കിലും ഗ്രാൻഡ് കാന്യൺ, യെല്ലോസ്‌റ്റോൺ നാഷണൽ പാർക്ക്, യോസെമൈറ്റ് തുടങ്ങിയ മറ്റ് ജനപ്രിയ പാർക്കുകൾ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.