മധ്യ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. റിച്ചർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഈ പ്രകമ്പനം പ്രാദേശിക സമയം പുലർച്ചെ 1.04-നാണ് അനുഭവപ്പെട്ടത്. ഷിസുവോക്ക പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചാണ് ഭൂകമ്പമുണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഐച്ചി, നഗാനോ, ഗിഫു എന്നീ പ്രദേശങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.
പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ ഭയന്ന ആളുകൾ സുരക്ഷിത താവളങ്ങൾ തേടി കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഈ തിടുക്കത്തിനിടയിലാണ് ഏകദേശം 22 പേർക്ക് പരുക്കേറ്റത്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിരവധി കടകളുടെ ചില്ലുകൾ തകർന്ന് റോഡുകളിൽ ചിതറിവീഴുകയുണ്ടായി. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റെയിൽവേ പാളങ്ങൾക്ക് തരാറു സംഭവിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി ബുളളറ്റ് ട്രെയിനുകളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്. നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.







