വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഡ്രൈവർമാർക്ക് ആശ്വാസം. വാഹന ഇൻഷുറൻസ് നിരക്കുകൾ . ഐ.സി.ബി.സി അടുത്ത സ്പ്രിംഗ് സീസൺ വരെ കൂട്ടില്ല. തുടർച്ചയായ ഏഴാം വർഷമാണ് ഐ.സി.ബി.സി. നിരക്ക് വർദ്ധന ഒഴിവാക്കുന്നത്. 2026-27 സാമ്പത്തിക വർഷം വരെ കോർപ്പറേഷൻ്റെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലzന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
അടിസ്ഥാന ഇൻഷുറൻസ് നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നത് ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അറ്റോർണി ജനറലും ഐ.സി.ബി.സിയുടെ ചുമതലയുമുള്ള മന്ത്രിയായ നിക്കി ശർമ്മ പറഞ്ഞു.
നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിലും കോർപ്പറേഷന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഐ.സി.ബി.സി. ഇടക്കാല സി.ഇ.ഒ.യും പ്രസിഡൻ്റുമായ ജേസൺ മക്ഡാനിയൽ വ്യക്തമാക്കി.
2027-28 സാമ്പത്തിക വർഷത്തിൽ നിരക്ക് വർദ്ധിപ്പിക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ ഐ.സി.ബി.സി. ഒന്നും വ്യക്തമാക്കിയിട്ടില്ല. വർദ്ധനവുണ്ടെങ്കിൽ അത് ഒരു വർഷം മുൻപ് ബി.സി. യൂട്ടിലിറ്റീസ് കമ്മീഷന് സമർപ്പിക്കണം. സാമ്പത്തിക ഭദ്രതയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ രാജ്യത്തെ ഏറ്റവും മികച്ച കെയർ ആൻഡ് റിക്കവറി ആനുകൂല്യങ്ങളും താങ്ങാനാവുന്ന കവറേജും ഡ്രൈവർമാർക്ക് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി ശർമ്മ കൂട്ടിച്ചേർത്തു.







