ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലിയോ പതിനാലാമൻ മാർപ്പാപ്പയും തമ്മിൽ മിഡിൽ ഈസ്റ്റിലെ യുദ്ധത്തെച്ചൊല്ലി നടക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി കനേഡിയൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രിസ്തുവിന്റെ രൂപത്തെയോ മതപരമായ ബിംബങ്ങളെയോ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിഷപ്പുമാർ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും, സത്യസന്ധതയും വിനയവും നിഷ്കളങ്കരായ മനുഷ്യരോടുള്ള കരുണയും പൊതുജീവിതത്തിൽ അത്യാവശ്യമാണെന്ന് സമിതി ഓർമ്മിപ്പിച്ചു.
മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായി മാർപ്പാപ്പ നടത്തുന്ന ഇടപെടലുകളെ ട്രംപ് ഭരണകൂടം വിമർശിച്ചതിന് പിന്നാലെയാണ് ബിഷപ്പുമാർ രംഗത്തെത്തിയത്. തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന തരത്തിലുള്ള എഐ ചിത്രങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തെയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന ഒന്നാണെന്നും, ക്രിസ്തുവിന്റെ രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുന്നത് അനാദരവാണെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
ഇറാൻ യുദ്ധത്തോടുള്ള മാർപ്പാപ്പയുടെ എതിർപ്പാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാർപ്പാപ്പ ‘ദുർബലനാണെന്നും’ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിലാണെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന മാർപ്പാപ്പയുടെ നിലപാട് രാഷ്ട്രീയപരമല്ലെന്നും അത് സഭയുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും കനേഡിയൻ ബിഷപ്പുമാർ വ്യക്തമാക്കി. യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കായി പ്രാർത്ഥിക്കാനും സമാധാനത്തിന്റെ പാത സ്വീകരിക്കാനും അവർ കാനഡയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് മേധാവി ആർച്ച് ബിഷപ്പ് സാറാ മുള്ളാലിയും മാർപ്പാപ്പയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.






