കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതല്‍ തീരുവ പ്രാബല്യത്തില്‍ വരും. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് അയച്ച കത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അതു പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം പുതിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഫെന്റാനിൽ എന്ന മയക്കുമരുന്ന് യുഎസിലേക്ക് എത്തുന്നത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടതാണ് പുതിയ താരിഫ് നയത്തിന് കാരണമെന്ന് ട്രംപ് വ്യക്തമാക്കി. ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ള ഈ മരുന്ന് ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലായി ലഹരിയാവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് യുഎസിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നു.