ക്യൂബെക്കിൽ ഡോക്ടർമാർക്ക് ശമ്പളം നൽകുന്ന രീതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള വിവാദമായ ബിൽ 2, സർക്കാർ ക്ലോഷർ പ്രയോഗിച്ച് തിടുക്കത്തിൽ നിയമമാക്കി. ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബെ അവതരിപ്പിച്ച ബിൽ, വെറും 24 മണിക്കൂറിനുള്ളിലാണ് പാസായത്. എന്നാൽ പുതിയ വേതന നിയമത്തിൽ പ്രതിഷേധിച്ച് മറ്റ് പ്രവിശ്യകളിലേക്ക് പോകുന്ന ഡോക്ടർമാരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ട്.
പുതിയ നിയമപ്രകാരം, ചികിത്സിക്കുന്ന രോഗികളുടെ എണ്ണം, പ്രത്യേകിച്ച് ദുർബല വിഭാഗത്തിലുള്ളവർക്ക് നൽകുന്ന പരിചരണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഇനി ഡോക്ടർമാരുടെ പ്രതിഫലം നിശ്ചയിക്കപ്പെടുക. ഇതേ തുടർന്ന് പുതിയ നിയമത്തിൽ പ്രതിഷേധിച്ച് ക്യൂബെക്കിലെ പൊതുജനാരോഗ്യ സംവിധാനം വിടാനൊരുങ്ങുന്ന ഡോക്ടർമാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് അയൽ പ്രവിശ്യകളായ ഒൻ്റാരിയോയ്ക്കും ന്യൂ ബ്രൺസ്‌വിക്കിനും നേട്ടമാകാൻ സാധ്യതയുണ്ട്. ക്യൂബെക്കിലെ ഡോക്ടർമാരെ തങ്ങളുടെ പ്രവിശ്യയിലേക്ക് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പരസ്യമായി പ്രസ്താവിച്ചു. ഡോക്ടർമാരോട് തന്നെ നേരിട്ട് വിളിക്കാനും വേഗത്തിൽ ജോലിയിൽ പ്രവേശിക്കാനുമാണ് ഡഗ് ഫോർഡ് ആവശ്യപ്പെട്ടത്.
ഫോർഡിൻ്റെ ഈ പ്രതികരണത്തിനെതിരെ ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രംഗത്തെത്തി. ഇത് അംഗീകരിക്കാനാവില്ലെന്നും വിവേചനമില്ലായ്മ ആണെന്നും ലെഗോൾട്ട് വിമർശിച്ചു. ആരോഗ്യ ബജറ്റ് കുറച്ചിട്ടില്ലെന്നും ചെലവഴിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്തതെന്നും ലെഗോർട്ട് കൂട്ടിച്ചേർത്തു. എന്നാൽ, മറ്റ് പ്രവിശ്യകളിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിനായി അപേക്ഷിക്കുന്ന ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നത് ഈ വിവാദത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു. നിലവിലെ കണക്കനുസരിച്ച്, 100-ൽ അധികം ഡോക്ടർമാർ മറ്റ് പ്രവിശ്യകളിൽ പ്രാക്ടീസ് ചെയ്യാനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഒന്റാറിയോയിലേക്ക് 70 അപേക്ഷകളാണ് ലഭിച്ചത്.







