ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണിനും കുടുംബത്തിനും വധഭീഷണി ഉയർന്നതിനെത്തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തി പീൽ റീജിനൽ പൊലീസ്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് മേയർക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് അറിയിച്ചു. ഭീഷണി കാനഡയിൽ നിന്നുള്ളതാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.
അതേസമയം, പീൽ പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും താൻ സുരക്ഷിതനാണെന്ന് വിശ്വസിക്കുന്നതായും മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു. ഇത് തനിക്ക് ലഭിക്കുന്ന ആദ്യത്തെ വധഭീഷണിയല്ലെന്നും, ഇത്തരം ഭീഷണി പൊതുസുരക്ഷയെക്കുറിച്ചുള്ള തന്റെ നിലപാടുകളെയോ ഔദ്യോഗിക പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വ്യക്തിയാണ് പാട്രിക് ബ്രൗൺ. അടുത്തിടെ, ഇന്ത്യയിലെ ലോറൻസ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.