എഡ്മന്റൺ: ഓഗസ്റ്റ് മാസം അവധിക്കാലം ആഘോഷിക്കുന്നവർ നദികളിൽ ഇറങ്ങി വേനൽക്കാല കാലാവസ്ഥ ആസ്വദിക്കും. എന്നാൽ ഇത് അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്ന് അധികൃതർ പറയുന്നു. അതിനാൽ നദികളിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നവരും വാട്ടർ സ്‌പോർട്‌സ് പ്രേമികളും ലൈഫ് ജാക്കറ്റ് അല്ലെങ്കിൽ പേഴ്‌സണൽ ഫ്‌ളോട്ടേഷൻ ഡിവൈസ് നിർബന്ധമായും ധരിച്ചിരിക്കണമെന്ന് സിറ്റി അറിയിച്ചു. നിയമം കർശനമാക്കിയതായി എഡ്മന്റൺ സിറ്റി പറഞ്ഞു.
2025 മെയ് 12 മുതൽ നിയമം പ്രാബല്യത്തിലുണ്ട്. എന്നാൽ നിയമം പാലിക്കാൻ മിക്കവരും തയാറാകുന്നില്ല. അതിനാലാണ് നിയമം ഈ മാസം മുതൽ കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. ബോട്ടുകൾ, കനോയികൾ, കയാക്കുകൾ, പാഡിൽബോർഡുകൾ, പൂൾ ഫ്‌ളോട്ട് എന്നിവ ഉപയോഗിക്കുന്നവർ നിർബന്ധമായും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലൈഫ് ജാക്കറ്റ് ധരിക്കാത്തവർക്ക് 250 ഡോളറാണ് പിഴ ഈടാക്കുക. എന്നാൽ വാട്ടർക്രാഫ്റ്റിൽ ലൈഫ് പ്രിസർവർ ഉണ്ടോ ഇല്ലെയോ എന്നതിനെ ആശ്രയിച്ച് പിഴത്തുക വ്യത്യാസപ്പെട്ടേക്കാം. ഈ വർഷം ഇതുവരെ ലൈഫ് ജാക്കറ്റ് ധരിക്കാത്തതിന് റേഞ്ചർമാർ ഒരു പിഴ മാത്രമാണ് ഈടാക്കിയിട്ടുള്ളൂ. എന്നാൽ ലൈഫ് ജാക്കറ്റ് ധരിക്കാത്ത ആളുകൾക്ക് 473 ഓളം മുന്നറിയിപ്പുകളാണ് നൽകിയതെന്ന് സിറ്റി അറിയിച്ചു.