കാനഡയിലുടനീളം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കടകളിൽ മോഷണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. 2024ൽ കാനഡയിലുടനീളമുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 4.1 ശതമാനം കുറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ക്രൈം സെവെറിറ്റി ഇൻഡെക്‌സിൽ(CSI) പറയുന്നു. എങ്കിലും കടകളിൽ ഉൽപ്പന്നങ്ങൾ മോഷണം പോകുന്നത് തുടർക്കഥയാവുകയാണ്. 5,000 ഡോളറോ അതിൽ കുറവോ വിലയുള്ള സാധനങ്ങളാണ് കടകളിൽ നിന്നും ഏറ്റവും കൂടുതൽ മോഷണം പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ൽ 182,361 കടകളിൽ മോഷണം നടന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചു. 2023 നെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി നാല് വർഷമായി കടകളിൽ നിന്നുള്ള മോഷണ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദശകത്തിലെ സ്ഥിതി വിവരക്കണക്കുകൾ ആശങ്കപ്പെടുത്തുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നത്. 2014 മുതൽ 2024 വരെ കടകളിൽ മോഷണം 66 ശതമാനം വർധിച്ചു.മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കടയിൽ നിന്ന് മോഷണം നടത്തുന്നത് പൊതുവെ താരതമ്യേന ചെറിയ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. എങ്കിലും മോഷണം ബിസിനസ് സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അതിനാൽ കച്ചവട സ്ഥാപനങ്ങൾ മോഷണം തടയുന്നതിന് കർശന നടപടിയെടുക്കുന്നുണ്ട്.
ജനുവരിയിൽ, സോബീസ് ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയായ സേഫ്‌വേ, ആന്റി-തെഫ്റ്റ് ഗേറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിൽ വാൻകുവറിലെ ഉപഭോക്താക്കൾ നിരാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം, ലോബ്ലോസ് റെസീപ്റ്റ് സ്‌കാനറുകൾ, സെക്യൂരിറ്റി ഗേറ്റ്‌സ്, ലോക്കിംഗ് വീലുകളുള്ള ഷോപ്പിംഗ് കാർട്ടുകൾ തുടങ്ങി നിരവധി മോഷണ വിരുദ്ധ രീതികൾ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.