newsroom@amcainnews.com

ഐക്യദാർഢ്യവും സമര പന്തലിലെ പ്രസം​ഗത്തിനും അപ്പുറം ആശമാർക്ക് താങ്ങാവാൻ കോൺ​ഗ്രസ്; യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കും

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവും പിന്തുണ അറിയിച്ച് സമര പന്തലിലെത്തി നടത്തുന്ന പ്രസം​ഗത്തിനും അപ്പുറം അവർക്ക് താങ്ങാവാൻ കോൺ​ഗ്രസ്. ആശാ വർക്കർമാരുടെ സമരം തുടരവെ ‌സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശാ വർക്കർമാരുടെ വേതനം കൂട്ടാൻ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി. റിപ്പോർട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം. തനതുഫണ്ടിൽനിന്നു തന്നെ പണം കണ്ടെത്താനാണ് നീക്കം.

7,000 രൂപയാണ് സർക്കാർ ഓണറേറിയം. ഇതിനു പുറമെ പഞ്ചായത്തിന്റെ വിഹിതമായി 2,000 രൂപ വരെ നൽകിയേക്കും. ഇൻഷുറൻസ് ഏർപ്പെടുത്താനും 2 ജോടി യൂണിഫോം നൽകാനും തുക ചെലവഴിക്കണമെന്ന് അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. ആശാ വർക്കർമാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. നിയമവശം ഞങ്ങൾ പരിശോധിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി സംസാരിക്കാൻ ഡിസിസികളെയും രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടനയേയും ചുമതലപ്പെടുത്തിയെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തികസ്ഥിതി പരിശോധിക്കുകയാണ്. ഒരു കൂടിയാലോചന വൈകാതെയുണ്ടാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച ശേഷമാകും അന്തിമ തീരുമാനം. യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യുഡിഎഫിലെ കക്ഷികളുമായി പ്രതിപക്ഷ നേതാവ് സംസാരിക്കും. ഇന്ന് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നും ലിജു പറഞ്ഞു.

അതേസമയം, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വേതനം വർധിപ്പിക്കാൻ തീരുമാനിച്ചാൽ അതൊരു മറയാക്കി സർക്കാർ ഒഴിഞ്ഞുമാറുമോയെന്ന ആശങ്കയുണ്ടെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയർമാൻ എം. മുരളി പറഞ്ഞു. സമരത്തിനോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് അറിഞ്ഞ് അടുത്ത മാസത്തോടെ ഒരു തീരുമാനമെടുത്താൽ‌ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പദ്ധതി നടപ്പാക്കണമെങ്കിൽ വാർ‌ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ (ഡിപിസി) അംഗീകാരം നേടണമെന്നതാണ് മറ്റൊരു കടമ്പ.

അതിനിടെ, കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളായ തൃശൂരിലെ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ എന്നിവിടങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കാൻ ബജറ്റ് പ്രഖ്യാപനമുണ്ടായി. പഴയന്നൂരിലും വെച്ചൂചിറയിലും രണ്ടായിരം രൂപ വീതം അധിക വരുമാനം നൽകാനാണ് തീരുമാനം.‌ 31 ആശമാർക്കായി 8 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം പഴയന്നൂർ പഞ്ചായത്ത് നീക്കിവയ്ക്കുക. 5 ലക്ഷം രൂപ വെച്ചൂചിറ പഞ്ചായത്ത് നീക്കിവയ്ക്കും. വെച്ചൂചിറയിൽ 15 ആശാ പ്രവർത്തകരാണുള്ളത്.

You might also like

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

തൊഴിൽക്ഷാമം പരിഹരിക്കാൻ 6 ബില്യൺ ഡോളറിന്റെ വൻപദ്ധതി; പ്രതീക്ഷയോടെ കനേഡിയൻ വിദ്യാർത്ഥികൾ

അമേരിക്കൻ മണ്ണിൽ ഡഗ് ഫോർഡിന് അംഗീകാരം: ഹോണററി ഡോക്ടറേറ്റ് നൽകി സാഗിനോ വാലി സർവ്വകലാശാല

യു.എസ് കോംബാറ്റ് ഡ്രോൺ ഇറാൻ തകർത്തു; പേർഷ്യൻ ഗൾഫിൽ വ്യോമാക്രമണം

Top Picks for You
Top Picks for You