കൊല്ലത്തെ ഒരു ഹോട്ടലിൽ സുഹൃത്തായ വനിതാ ഡോക്ടറുമൊത്ത് മുറിയെടുത്തതിനു പിന്നാലെ അവിടെ സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ യുവ ഡോക്ടർ അറസ്റ്റിലായി. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിയായ അജാസ് ഖാൻ (29) എന്നയാളെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 12.20ഓടെയാണ് ഈ സംഭവം നടക്കുന്നത്. ഇരുവരും ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ അവിടെ ബഹളവും വാക്കുതർക്കവുമുണ്ടാവുകയായിരുന്നു. മുറിയിൽ നിന്ന് നിലവിളിയും ബഹളവും കേട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി.
തുടർന്ന് പൊലീസ് മുറി തുറന്ന് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ അജാസ് ഖാൻ പൊലീസുകാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും അത് ഉപയോഗിക്കാനായി കരുതിയ പ്രത്യേക ചില്ലും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ യുവ ഡോക്ടർക്കെതിരെ കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.







