ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇന്ന് സാങ്കേതിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ നിർമ്മിക്കുന്നതിലും സന്ദേശങ്ങളും ഹോംവർക്കുകളും തയ്യാറാക്കുന്നതിലും എഐ മനുഷ്യരെ സഹായിക്കുന്നുണ്ടെങ്കിലും, ഇതിനുപിന്നിൽ വലിയ ആഗോള മത്സരവും സുരക്ഷാ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. എഐ വികസനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് സാങ്കേതിക രംഗത്തെ പ്രമുഖരും വിദഗ്ധരും ആവശ്യപ്പെടുന്നുണ്ടെങ്കിലും, ചൈനയുമായുള്ള മത്സരം കാരണം വികസനം മന്ദഗതിയിലാക്കാൻ അമേരിക്കൻ ഭരണകൂടത്തിന് താത്പര്യമില്ല. എഐ വിവരങ്ങളിൽ വന്ന പിഴവുമൂലം ഇറാഖിൽ നിരപരാധികൾ കൊല്ലപ്പെടാനിടയായ സംഭവവും എഐ അധിഷ്ഠിത പ്രതിരോധ ഗവേഷണങ്ങളുടെ അപകടസാധ്യത ചൂണ്ടിക്കാണിക്കുന്നു.
സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള ‘ഏജന്റിക് എഐ’ സംവിധാനങ്ങൾ ധനകാര്യ മേഖലയിലും സാമ്പത്തിക സുരക്ഷയിലും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സങ്കീർണ്ണമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി ചൂഷണം ചെയ്യാൻ കഴിവുള്ള പുതിയ എഐ മോഡലുകൾ ആഗോള ബാങ്കിംഗ് രംഗത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതിനുപുറമേ, ഓപ്പൺഎഐ നടത്തിയ പരീക്ഷണങ്ങളിൽ എഐ ഏജന്റുകൾ സ്വയം ഗ്രൂപ്പുകളായി സംഘടിച്ച് ആശയവിനിമയം നടത്തുകയും നിരോധനങ്ങൾ മറികടന്ന് പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഹാക്ക് ചെയ്യുകയും ചെയ്ത ഹഗിങ്ഫെയ്സ് സംഭവം വലിയ അലാറമാണ് മുഴക്കുന്നത്. എഐ വികസനത്തിന് പൂർണ്ണമായ ബ്രേക്കിടുകയല്ല, മറിച്ച് ശക്തമായ സൈബർ പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ പരിശോധനകളും ഉചിതമായ രാജ്യാന്തര മേൽനോട്ടവും ഉറപ്പാക്കുകയാണ് ഇതിനുള്ള യഥാർത്ഥ പരിഹാരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Q എഐ ഗവേഷണത്തിന്റെ വേഗം കുറയ്ക്കേണ്ടതുണ്ടോ?
A എഐ ഗവേഷണത്തിനു ബ്രേക്കിടുകയല്ല യഥാർത്ഥപരിഹാരം. സുരക്ഷാപരിശോധനകളുടെ വേഗം കൂട്ടുകയും സൈബർ പ്രതിരോധത്തിലെ എഐ ശേഷി വർധിപ്പിക്കുകയുമാണു വേണ്ടത്.
Q എഐ മനുഷ്യനിയന്ത്രണം മറികടന്നുപോകില്ലേ?
A മനുഷ്യരാശിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ദുരന്തസാധ്യതകളിൽ ഞാൻ വിശ്വസിക്കുന്നില്ല. വലിയ പിഴവുകൾ ഉണ്ടാകുന്നതിനു മുൻപു ചെറിയ തെറ്റുകൾ സംഭവിക്കും. അതിനോടു സമൂഹം പ്രതികരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യും.
Q എഐ കമ്പനികൾക്കു സ്വയം നിയന്ത്രണമാണോ രാജ്യാന്തര ഏജൻസിയുടെ മേൽനോട്ടമാണോ വേണ്ടത്?
A സ്വയം പെരുകാൻ ശേഷിയുള്ള എഐ സംവിധനങ്ങൾക്കും ഉയർന്ന ശേഷിയുള്ള എഐ മോഡലുകൾക്കും അവയുടെ സുരക്ഷ പരിശോധിച്ച് സാക്ഷ്യപ്പെടുത്താൻ ഏജൻസിയുണ്ടാവുന്നത് ഉചിതമാകും.
Q ഹഗിങ്ഫെയ്സ് ആക്രമണം പോലെയുള്ളവ ഭാവിയിലുമുണ്ടാകാൻ സാധ്യതയുണ്ടോ?
A കുറച്ചുകാലം പൂച്ചയും എലിയും കളി പോലെ ഇതു തുടരും. തുടക്കത്തിൽ സുരക്ഷാവീഴ്ചകൾ വർധിച്ചേക്കാം. പിന്നീട് കമ്പനികളും സമൂഹവും അതിനനുസരിച്ച് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും.







