ടൊറോൻ്റോ: ലീസൈഡിൽ വൈൽഡ് ലൈഫ് ബൈലോ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു. നിയമലംഘനത്തെ തുടർന്ന് പരിസരവാസികളുടെ ജീവിതം ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണ്. 2023-ലെ ബൈലോ അനുസരിച്ച് സോങ് ബേർഡ്സിന് (songbirds) ഒഴികെ മറ്റ് വന്യജീവികൾക്ക് സ്വന്തം പരിസരത്ത് ഭക്ഷണം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ പലരും ഇത് ലംഘിച്ച് വന്യജീവികൾക്ക് ഭക്ഷണം നല്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത്.
അയൽവാസികളിൽ ഒരാൾ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് കാരണം എലികൾ വീടുകൾ കൈയടക്കി എന്നാണ് ലീസൈഡ് ഏരിയയിലെ താമസക്കാർ പറയുന്നത്. എലികൾ മതിലുകളിലും മച്ചിലും പ്രവേശിച്ചതിനെത്തുടർന്ന് അവയെ ഇല്ലാതാക്കാൻ $3,000 ചെലവഴിക്കേണ്ടി വന്നെന്ന് റാണ്ടോൾഫ് റോഡിൽ താമസിക്കുന്ന ജെനിഫർ കിംഗ് പറയുന്നു. തെരുവിലെ ഒരു സ്ത്രീ അനധികൃതമായി മൃഗങ്ങൾക്ക് ഭക്ഷണം നൽകിയതിന് കേസ് ചാർജ് ചെയ്തിട്ടുണ്ടെന്ന് കൗൺസിലർ റേച്ചൽ ഷെർനോസ് ലിൻ സ്ഥിരീകരിച്ചു. ഇത് നിർത്തണമെന്ന് ആവശ്യപ്പെട്ട് താമസക്കാർ ആ സ്ത്രീക്ക് കത്ത് നൽകിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. തുടർന്ന് നഗരസഭ ഈ വിഷയം അന്വേഷിച്ചു വരികയാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ $100,000 വരെ ഈ സ്ത്രീക്ക് പിഴ നേരിടേണ്ടി വന്നേക്കാം.







