കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാനഡയിലെ ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് പുതിയ കാലാവസ്ഥാ റിപ്പോർട്ട്. കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഭൗമതാപനത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ അവസ്ഥ തുടർന്നാൽ കാനഡ വലിയ പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ഗവേഷകനായ നഥാൻ ഗില്ലറ്റ് അടക്കമുള്ള വിദഗ്ദ്ധർ പറയുന്നു. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പടിഞ്ഞാറൻ കാനഡയിലെ മഞ്ഞുമലകളിലെ 75 ശതമാനത്തിലധികം ഐസും ഇല്ലാതാകും. സെപ്റ്റംബർ മാസങ്ങളിൽ ആർട്ടിക് സമുദ്രം മഞ്ഞില്ലാത്ത അവസ്ഥയിലാകും. നൂനവൂട്ട് ടെറിട്ടറിയിൽ ശൈത്യകാലത്ത് താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കാം. കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പ്രളയം, കനത്ത മഴ, കാട്ടുതീ എന്നിവ തുടർക്കഥയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വൻതോതിൽ കുറയ്ക്കാനായാൽ താപനില വർധന 3.5 ഡിഗ്രിയായി പരിമിതപ്പെടുത്താൻ സാധിക്കുമെന്ന് ‘കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട്’ വ്യക്തമാക്കി. 2050-ഓടെ കാർബൺ ഉദ്‌വമനം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും കനേഡിയൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.







