ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലായി 10,574 ഇന്ത്യൻ പൗരന്മാർ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 43 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരാണ്. ലോക്സഭയിൽ ഒരു ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളത് യുഎഇയിലാണ്. 2,773 ഇന്ത്യൻ പൗരന്മാരാണ് യുഎഇയിൽ ജയിലിൽ കഴിയുന്നത്.
സൗദി അറേബ്യ (2,379), നേപ്പാൾ (1,357) എന്നീ രാജ്യങ്ങളാണ് യുഎഇയ്ക്ക് പിന്നിൽ. ഖത്തർ (795), മലേഷ്യ (380), കുവൈറ്റ് (342), യുകെ (323), ബഹ്‌റൈൻ (261), പാക്കിസ്ഥാൻ (246), ചൈന (183) എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം. അംഗോള, ബെൽജിയം, കാനഡ, ചിലി, ഈജിപ്ത്, ഇറാഖ്, ജമൈക്ക, മൗറീഷ്യസ്, സെനഗൽ, സീഷെൽസ്, ദക്ഷിണാഫ്രിക്ക, സുഡാൻ, താജിക്കിസ്ഥാൻ, യെമൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഓരോ ഇന്ത്യൻ പൗരന്മാർ ജയിലിൽ കഴിയുന്നുണ്ട്.
യുഎഇയിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്തുകഴിയുന്നത് (21). സൗദി അറേബ്യ (7), ചൈന (4), ഇന്തോനേഷ്യ (3), കുവൈറ്റ് (2) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. യുഎസ്എ, മലേഷ്യ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാർ വധശിക്ഷ വിധിച്ച് ജയിലിലാണ്.