ഒൻ്റാരിയോ നോർവിച്ചിൽ ട്രാൻസ്‌പോർട്ട് ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലാണ് അപകടം. എസ്‌യുവിയിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒക്സ്ഫോർഡ് ഒപിപി (OPP) അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലെ പ്രധാന ഭാഗങ്ങൾ പൊലീസ് അടച്ചു. ഏകദേശം എട്ട് മണിക്കൂറോളം ഗതാഗത നിയന്ത്രണം തുടരുമെന്നും പുലർച്ചെ 3:30-ഓടെ മാത്രമേ റോഡുകൾ വീണ്ടും തുറക്കാൻ സാധ്യതയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്ന് ഒക്സ്ഫോർഡ് ഒപിപി അഭ്യർത്ഥിച്ചു.







