സ്റ്റെല്ലൻ്റിസ് (Stellantis), ജനറൽ മോട്ടോഴ്‌സ് (General Motors – GM) എന്നീ വാഹന നിർമ്മാതാക്കൾക്കുള്ള ഇറക്കുമതി താരിഫ് ഇളവുകൾ കനേഡിയൻ സർക്കാർ വെട്ടിച്ചുരുക്കി. പുതിയ ജീപ്പ് കോമ്പസ് (Jeep Compass) കാറുകളുടെ ഉൽപ്പാദനം ഒൻ്റാരിയോയിൽ നിന്ന് യു.എസിലേക്ക് മാറ്റാനുള്ള സ്റ്റെല്ലൻ്റിസിൻ്റെ തീരുമാനവും, ഒൻ്റാരിയോയിൽ മാത്രം നിർമ്മിച്ചിരുന്ന ബ്രൈറ്റ്‌ഡ്രോപ്പ് (BrightDrop) ഇലക്ട്രിക് ഡെലിവറി വാനുകളുടെ ഉൽപ്പാദനം ജി.എം. നിർത്തലാക്കിയതുമാണ് താരിഫ് വെട്ടിക്കുറയ്ക്കാനുള്ള കാരണം. കമ്പനികൾ രാജ്യത്തോടും കനേഡിയൻ തൊഴിലാളികളോടുമുള്ള പ്രതിബദ്ധത പരസ്യമായി ലംഘിച്ചു എന്ന് കാനഡയുടെ ധനകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കാനഡയിൽ വാഹനങ്ങൾ അസംബിൾ ചെയ്യുന്ന നിർമ്മാതാക്കൾക്ക്, നിശ്ചിത ഉൽപ്പാദന നിലവാരം നിലനിർത്തുന്ന പക്ഷം, യു.എസിൽ നിന്ന് ഒരു നിശ്ചിത എണ്ണം വാഹനങ്ങൾ താരിഫ് രഹിതമായി ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന ഒരു ചട്ടക്കൂട് (auto remission framework) നേരത്തെ കാനഡ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒഷാവ, ഇൻഗെർസോൾ എന്നിവിടങ്ങളിലെ ഉത്പാദനം കുറച്ച ജി.എം., ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റിലെ ഉൽപ്പാദന പദ്ധതികൾ റദ്ദാക്കിയ സ്റ്റെല്ലൻ്റിസ് എന്നീ കമ്പനികൾ ഈ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ഇതിൻ്റെ ഫലമായി ജി.എം. ൻ്റെ വാർഷിക താരിഫ് ഇളവ് 24.2% ഉം സ്റ്റെല്ലൻ്റിസിൻ്റേത് 50% ഉം ആയി കുറച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചു.






