കനേഡിയൻ പൗരത്വ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ അർഹത നേടിയ ലക്ഷക്കണക്കിന് അപേക്ഷകർ പുതിയ Citizenship by Descent ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) മുന്നറിയിപ്പ് നൽകി. ചെറിയ പിഴവുകൾ പോലും അപേക്ഷകൾ നിരസിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിൽ മാസങ്ങളോളം കാലതാമസം നേരിടാനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
2026 ജൂണിൽ IRCC പുതുക്കിയ CIT 0014 ഡോക്യുമെൻ്റ് ചെക്ക്‌ലിസ്റ്റ് പ്രകാരം അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കുന്ന രേഖകൾ അവ പുറത്തിറക്കിയ യഥാർഥ അധികാരസ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം. സിവിൽ രജിസ്ട്രി, വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, പ്രൊവിൻഷ്യൽ ആർക്കൈവ്‌സ് എന്നിവ നൽകിയ രേഖകളാണ് അംഗീകരിക്കുക. വംശാവലി വെബ്‌സൈറ്റുകളിൽ നിന്നുള്ള പ്രിന്റൗട്ടുകൾ മാത്രം തെളിവായി സ്വീകരിക്കില്ല. ആവശ്യമായ രേഖ ലഭ്യമല്ലെങ്കിൽ അത് ലഭ്യമാക്കാൻ ശ്രമിച്ചുവെന്നതിന് തെളിവുകളും വിശദീകരണ കത്തും അപേക്ഷയ്‌ക്കൊപ്പം നൽകണം. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച ശേഷം ലഭിക്കുന്ന രസീത് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ശരിയായ വലിപ്പം, വെള്ളയോ ഇളം നിറമുള്ള പശ്ചാത്തലമോ, ഫോട്ടോഗ്രാഫറുടെ പേരും തീയതിയും പിന്നിൽ രേഖപ്പെടുത്തിയിരിക്കണം. യു.എസ്. പാസ്‌പോർട്ട് ഫോട്ടോകൾ, സെൽഫികൾ, AI ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ അംഗീകരിക്കില്ല. അപേക്ഷാ ഫോമിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകണം. ബാധകമല്ലാത്ത ഇടങ്ങളിൽ ഒഴിവാക്കി വിടാതെ “N/A” എന്ന് രേഖപ്പെടുത്തണം. കൂടാതെ അപേക്ഷയിൽ കറുത്ത മഷി ഉപയോഗിച്ച് ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും വേണം.
നിലവിൽ പൗരത്വ സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക് ഏകദേശം 19 മാസമാണ് പ്രോസസിംഗ് സമയം. അതിനാൽ ആദ്യ ശ്രമത്തിൽ തന്നെ പിഴവുകളില്ലാത്ത അപേക്ഷ സമർപ്പിക്കുന്നത് നിർണായകമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ലൈസൻസുള്ള ഇമിഗ്രേഷൻ അഭിഭാഷകന്‍റെയോ കൺസൾട്ടന്‍റെയോ സേവനം തേടണമെന്നും IRCC ചൂണ്ടിക്കാട്ടി.







