അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വീണ്ടും ഉലച്ചിലുകളുണ്ടാക്കിയ കാനഡയുടെ ഡിജിറ്റൽ സേവന നികുതി ടെക് ഭീമൻമാർക്ക് വലിയ രീതിയിലുള്ള നഷ്ടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് വിലയിരുത്തൽ. ഡിജിറ്റൽ സേവന നികുതി പിൻവലിക്കാതെ കാനഡയുമായി ഇനി വ്യാപാര ചർച്ചകൾക്കില്ലെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡിജിറ്റൽ സേവന നികുതി റദ്ദാക്കുന്നതായി കനേഡിയൻ സർക്കാരും വ്യക്തമാക്കി.
കഴിഞ്ഞ വർഷം അവതരിപ്പിച്ച ലെവി പ്രാബല്യത്തിൽ വരുന്നതോടെ, വരും വർഷങ്ങളിൽ അമേരിക്കൻ ടെക് ഭീമന്മാർക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആപ്പിൾ, ഗൂഗിൾ, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരെ ആയിരുന്നു ഈ നികുതി കൂടുതൽ ബാധിക്കുന്നത്. ഈ കമ്പനികൾ കനേഡിയൻ ഉപഭോക്താക്കളിൽ നിന്നും സമ്പാദിക്കുന്ന പണത്തിൻ്റെ മൂന്ന് ശതമാനം നികുതി ചുമത്താനായിരുന്നു കനേഡിയൻ സർക്കാരിൻ്റെ തീരുമാനം. കഴിഞ്ഞ വർഷം മുതൽ ലെവി നിലവിലുണ്ട്, എന്നാൽ ആദ്യ പേയ്‌മെൻ്റുകൾ തിങ്കളാഴ്ച മുതലായിരുന്നു ആരംഭിക്കാനിരുന്നത്. 2022 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു ഇത് പ്രാബല്യത്തിൽ വരിക. അതിനാൽ യുഎസ് കമ്പനികൾക്ക് രണ്ട് ബില്യൺ യുഎസ് ഡോളർ വരെ നികുതി നൽകേണ്ടി വരും. വരുമാനം ലക്ഷ്യമിട്ടാണ് കാനഡ ഇത് കൊണ്ടു വന്നത്.
പാർലമെൻ്ററി ബജറ്റ് ഓഫീസ് കഴിഞ്ഞ വർഷം കണക്കാക്കിയത് ഈ നികുതി അഞ്ച് വർഷത്തിനുള്ളിൽ ഏഴ് ബില്യൺ ഡോളറിലധികം വരുമാനം കൊണ്ടുവരുമെന്നാണ്. അമേരിക്കൻ ടെക് ഭീമന്മാരെ വലിയതോതിൽ ബാധിക്കുന്നതിനാൽ തുടക്കം മുതൽ തന്നെ അമേരിക്ക ഈ നികുതിയെ എതിർത്തിരുന്നു. അമേരിക്കൻ കമ്പനികളോടുള്ള നികുതി വിവേചനമാണെന്നായിരുന്നു ഉദ്യോഗസ്ഥർ വാദിച്ചത്. നടപടി തുടർന്നാൽ യുഎസ് കമ്പനികൾക്ക് പ്രതിവർഷം ഒരു ബില്യൺ ഡോളർ വരെ നികുതി നൽകേണ്ടിവരുമെന്ന് കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി അസോസിയേഷൻ കണക്കാക്കുന്നു.