കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകർക്ക് ഭാഷാ പരീക്ഷ (Language Test) നിർബന്ധമാക്കുന്ന പുതിയ നിയമനിർമ്മാണം അവതരിപ്പിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ ‘കാനഡ ഗസറ്റ്’ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന് (IMP) കീഴിലുള്ള ചില നിർദ്ദിഷ്ട വർക്ക് പെർമിറ്റ് വിഭാഗങ്ങളെയാണ് ഈ പുതിയ ഭേദഗതി ബാധിക്കുക. എന്നാൽ ഏതൊക്കെ വിഭാഗങ്ങൾക്കാണ് ഇത് ബാധകമാവുക എന്ന് സർക്കാർ ഇതുവരെ പൂർണ്ണമായി വ്യക്തമാക്കിയിട്ടില്ല.
അപേക്ഷകരുടെ ഭാഷാ വൈദഗ്ധ്യം കൃത്യമായി വിലയിരുത്തുന്നതിനും ഇമിഗ്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഫെഡറൽ സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രവിശ്യകളുമായും സ്വകാര്യ മേഖലയിലെ പങ്കാളികളുമായും സർക്കാർ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കാനഡ ഗസറ്റിൽ ഈ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ച ശേഷം പൊതുജനങ്ങൾക്കും ഇമിഗ്രേഷൻ വിദഗ്ധർക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ 30 ദിവസത്തെ സമയം ലഭിക്കും. അതിനുശേഷമേ നിയമത്തിന് അന്തിമ രൂപം നൽകൂ. പങ്കാളികൾക്ക് നൽകുന്ന സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റുകളെ (SOWP) ഈ നിയമം കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഐ.ആർ.സി.സി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളിൽ സ്പൗസൽ പെർമിറ്റുകളെക്കുറിച്ച് നിലവിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല.
ഐ.ഇ.എൽ.ടി.എസ് (IELTS General), സെൽപിപ്പ് (CELPIP) പോലെയുള്ള അംഗീകൃത തേർഡ് പാർട്ടി ഭാഷാ പരീക്ഷകളുടെ സ്കോറുകളായിരിക്കും ഈ നിയമം നടപ്പിലാകുമ്പോൾ പരിഗണിക്കുക. ഏതെല്ലാം വർക്ക് പെർമിറ്റുകൾക്ക് എത്ര സ്കോർ വേണമെന്ന കാര്യത്തിൽ വരും മാസങ്ങളിൽ മാത്രമേ വ്യക്തത വരൂ. നിലവിൽ വർക്ക് പെർമിറ്റുള്ളവരെയോ അല്ലെങ്കിൽ പെർമിറ്റ് പുതുക്കാൻ ഇരിക്കുന്നവരെയോ ഈ നിയമം എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ഗസറ്റ് വിജ്ഞാപനം വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ.






