യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ എയർലൈൻ കമ്പനിയ്ക്ക് തിരിച്ചു വിൽക്കാൻ അവസരം നൽകുന്ന പുതിയ സംവിധാനവുമായി ഫ്ലെയർ എയർലൈൻസ്. നോർത്ത് അമേരിക്കൻ എയർലൈനുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. ഡിസംബറിൽ ആരംഭിക്കുന്ന ഈ പുതിയ പദ്ധതി, ഫ്രഞ്ച് സാങ്കേതിക കമ്പനിയായ ഫെയർലൈനുമായി സഹകരിച്ചാണ് നടപ്പാക്കുക.
പുതിയ ടിക്കറ്റ് റീസെയിൽ പദ്ധതി അനുസരിച്ച് യാത്ര ചെയ്യാൻ കഴിയാത്തവർക്ക്, ടിക്കറ്റുകൾ ഫ്ലെയർ എയർലൈൻസിന് തന്നെ തിരിച്ചു വിൽക്കാൻ കഴിയും. ഈ സീറ്റുകൾ കുറഞ്ഞ നിരക്കിൽ ഫ്ലെയർ വീണ്ടും വിൽക്കും. ഇത് വഴി യാത്രക്കാർക്ക് മുടക്കിയ പണത്തിൻ്റെ ഒരു ഭാഗം തിരികെ ലഭിക്കും. കുറഞ്ഞ നിരക്കുകൾ നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഫ്ലെയറിൻ്റെ വലിയ പദ്ധതിയായ ഫ്ലെയർ എഫ്ഡബ്ല്യുഡി (Flair FWD)-യുടെ ഭാഗമാണിത്.
ഫ്ലെയർ എയർലൈൻസ് ഡിസംബറിൽ നടപ്പിലാക്കുന്ന മറ്റ് പരിഷ്കാരങ്ങൾ ഇവയാണ്. കാരി ഓൺ ബാഗുകളുമായി (carry-on bags) യാത്ര ചെയ്യുന്നവർക്ക് മുൻഗണനാ ബോർഡിംഗ് (priority boarding) നൽകും. യാത്രക്കാർക്ക് എത്ര തുക നൽകണമെന്ന് തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ ബേസിക് , ലൈറ്റ്, പ്ലസ്, മാക്സ് എന്നിങ്ങനെ പുതിയ നിരക്ക് പാക്കേജുകൾ അവതരിപ്പിക്കും. എച്ച്ബിഎക്സുമായി സഹകരിച്ച് ഫ്ലൈറ്റ്, ഹോട്ടൽ പാക്കേജുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഹോളിഡേ സേവനം ഡിസംബറിൽ തുടങ്ങും. ഒക്ടോബർ 27 മുതൽ മെക്സിക്കോ സിറ്റിയിലേക്കും, ഡിസംബർ 14 മുതൽ മോണ്ടെഗോ ബേയിലേക്കും പുതിയ റൂട്ടുകൾ തുടങ്ങും. വിശ്വസ്തത, സുതാര്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എയർലൈൻസ് വ്യക്തമാക്കി.




















