ബ്രിട്ടീഷ് കൊളംബിയയിലുള്ള ലൈറ്റനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. ബുധനാഴ്ച ലൈറ്റനിൽ താപനില 41.2 ഡിഗ്രി സെൽഷ്യസിലെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടെ 2006-ൽ സ്ഥാപിച്ച പ്രതിദിന താപനില റെക്കോർഡ് തകർന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് ഫ്രേസർ കന്യോൻ മേഖലയിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരുന്നത്. ലൈറ്റൺ ഉൾപ്പെടെ ബ്രിട്ടീഷ് കൊളംബിയയിലെ 12 പ്രദേശങ്ങളിലാണ് ബുധനാഴ്ച പുതിയ റെക്കോർഡ് ചൂട് കുറച്ചത്. കാട്ടുതീയിൽ വൻ നാശനഷ്ടം സംഭവിച്ച ലൈറ്റനിൽ 2021 ജൂണിൽ 49.6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഉഷ്ണതരംഗത്തെ തുടർന്ന് തെക്കൻ പ്രവിശ്യകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാൻകൂവർ ഉൾപ്പെടെയുള്ള ചില തീരദേശ മേഖലകളിൽ നിലവിൽ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ടെങ്കിലും ഒകനാഗൻ, കൂട്ടനെ തുടങ്ങിയ ഇരുപതിലധികം ഉൾനാടൻ മേഖലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്.







