വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യ വാഹനങ്ങളിൽ 543 ലധികം തകരാറുകൾ കണ്ടെത്തിയതായി ഹൈവേ പട്രോൾ അറിയിച്ചു. ഈ മാസം ആദ്യം രണ്ട് ദിവസങ്ങളിലായാണ് നൂറിലധികം വാണിജ്യ വാഹനങ്ങളിൽ പരിശോധന നടത്തിയത്. 543 തകരാറുകൾ കണ്ടെത്തിയതായും $18,700 പിഴ ചുമത്തുകയും ബൈലോ ടിക്കറ്റുകൾ വിതരണം ചെയ്തതായും ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ വ്യക്തമാക്കി.
നിരവധി വാണിജ്യ വാഹന ഡ്രൈവർമാർ ഇപ്പോഴും തകർന്ന ട്രക്കുകളും ട്രെയിലറുകളും ഓടിച്ചുകൊണ്ട് നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കമ്മീഷണർ മൈക്കൽ മക്‌ലോഫ്ലിൻ പറഞ്ഞു. പൊതുജനങ്ങളുടെ റോഡ് സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പരിശോധനകൾ എന്നും പ്രൊഫഷണൽ ഡ്രൈവർമാരിൽ നിന്ന് ആളുകൾ ഏറ്റവും മികച്ച ഡ്രൈവിംഗും പെരുമാറ്റവുമാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രാലയത്തിൻ്റെ കീഴിലുള്ള CVSE, ബർണബി RCMP, കോക്വിറ്റ്‌ലാം RCMP, കോക്വിറ്റ്‌ലാം ബൈലോസ് എന്നിവയുമായി സഹകരിച്ച് ജൂലൈ 8, 9 തീയതികളിൽ ആയാണ് സുരക്ഷാ മിന്നൽ പരിശോധന നടന്നത്. പരിശോധിച്ച 109 വാഹനങ്ങളിൽ 540-ലധികം തകരാറുകൾ കണ്ടെത്തി. ഇതിൽ 58 വാഹനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കുകയും റോഡുകളിൽ നിന്ന് മാറ്റുകയും ചെയ്തതായി ബിസി ഹൈവേ പട്രോൾ അറിയിച്ചു.