ഗാസയിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇസ്രയേലിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് നൂറിലധികം ബിബിസി ജീവനക്കാര്‍ രംഗത്ത്. വിഷയം ഉന്നയിച്ച് ഇവര്‍ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്ക് തുറന്ന കത്തയച്ചു. അഭിനേതാക്കളും മറ്റ് മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറില്‍ അധികം പേര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ബിബിസിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ആന്തരിക പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഗാസയിലെ മാനുഷിക പ്രതിസന്ധി അവതരിപ്പിക്കുന്നതിലും സ്വന്തം എഡിറ്റോറിയല്‍ നിലവാരം പാലിക്കുന്നതിലും ബിബിസി പരാജയപ്പെട്ടുവെന്ന് കത്തില്‍ പറയുന്നു. ബിബിസിയുടെ ഉള്ളടക്കം പലപ്പോഴും ‘ഇസ്രയേല്‍ സര്‍ക്കാരിനും സൈന്യത്തിനുമുള്ള പിആര്‍’ പോലെയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ‘ഡെത്ത് ടു ദി ഐഡിഎഫ്!’ എന്ന സന്ദേശം ബിബിസി ലൈവ് സ്ട്രീം ചെയ്തതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ നടപടി.
കത്തിന് മറുപടിയായി, നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബിബിസിയുടെ പ്രതിബദ്ധത വക്താവ് ഊന്നിപ്പറഞ്ഞു. എന്നാല്‍, ഗാസയിലെ ഡോക്ടര്‍മാരുടെ ദുരിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം തടഞ്ഞുവെച്ചതിന് ബിബിസി വിമര്‍ശനം നേരിട്ടിരുന്നു. ആന്തരിക സെന്‍സര്‍ഷിപ്പും കത്തില്‍ ആരോപിക്കുന്നുണ്ട്.