ഫെഡറൽ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായതോടെ ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെതിരെ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികൾ. പൊളിയേവ് മത്സരത്തിനിറങ്ങുന്ന ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങാണ് സ്ഥാനാർത്ഥി നിരകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നത്. ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റിയാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. റൈഡിങ്ങിൽ ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിക്കുമ്പോൾ, യുണൈറ്റഡ്, ലിബർട്ടേറിയൻ, ക്രിസ്ത്യൻ ഹെറിറ്റേജ്, കൺസർവേറ്റീവ് പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ട്. അതേസമയം ഇതുവരെ ലിബറൽ പാർട്ടി റൈഡിങ്ങിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ജൂലൈ 28 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. തുടർന്ന് ഓഗസ്റ്റ് 8 മുതൽ 11 വരെ മുൻകൂർ വോട്ടിങ് നടക്കും.
ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പിയേർ പൊളിയേവ് മത്സരിച്ച ഓട്ടവ കാൾട്ടൺ റൈഡിങ്ങിൽ അദ്ദേഹത്തിനെതിരെ 91 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 20 വർഷത്തിലേറെയായി ഓട്ടവ കാൾട്ടൺ റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന പിയേർ ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവിൽ പ്രതിപക്ഷ നേതാവല്ല. തുടർന്ന് പൊളിയേവിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് രാജിവെച്ചിരുന്നു.