പെരിയ • ശുചിമുറി മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിച്ച യുവാക്കൾക്ക് നേരെ ലോറി ഓടിച്ചു കയറ്റി അപായപ്പെടുത്താൻ ശ്രമം. ദേശീയപാതയ്ക്ക് അരികിൽ ചാലിക്കാലിൽ റോഡ് വികസനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് തിങ്കളാഴ്ച രാത്രി മോട്ടോർ പമ്പ് ഉപയോഗിച്ച് ലോറിയിൽ കൊണ്ടുവന്ന മാലിന്യം തള്ളിയത്. വിവരമറിഞ്ഞ് പ്രദേശവാസികളായ ആറ് യുവാക്കൾ സ്ഥലത്തേക്ക് എത്തിയപ്പോൾ, വഴിയിൽ കാവൽ നിന്നിരുന്നയാൾ ഫോണിലൂടെ സംഘത്തിന് മുന്നറിയിപ്പ് നൽകി. യുവാക്കൾ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫോൺ അവിടെ ഉപേക്ഷിച്ച് ഇയാൾ ഓടി ലോറിയിൽ കയറുകയും തുടർന്ന് യുവാക്കളെ ഇടിച്ചു വീഴ്ത്താനായി ലോറി ഓടിച്ചു കയറ്റാൻ ശ്രമിക്കുകയുമായിരുന്നു.
അപകടം മുൻകൂട്ടി കണ്ട് യുവാക്കൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായെങ്കിലും, ഓട്ടത്തിനിടെ വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ഇതിനിടയിൽ സംഘം ലോറിയുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. യുവാക്കൾ ഉടൻ തന്നെ അമ്പലത്തറ പൊലീസിൽ പരാതി നൽകുകയും ഉപേക്ഷിക്കപ്പെട്ട ഫോൺ കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടുകയും പുല്ലൂർ പഞ്ചായത്ത് അധികൃതർ ഇവർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. ആ സംഘം തന്നെയാണ് വീണ്ടും എത്തിയതെന്നാണ് യുവാക്കൾ സംശയിക്കുന്നത്. ലഭിച്ച ഫോണിലെ നമ്പർ വഴി ലോറി ഉടമയെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.








