newsroom@amcainnews.com

യുകെയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? പഠനം, ജോലി, യാത്ര… യുകെ വിസകളെക്കുറിച്ച് അറിയേണ്ടതെല്ലാം

യുണൈറ്റഡ് കിം​ഗ്ഡത്തിലേയ്ക്ക് (യുകെ) യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? അതോ പഠനത്തിനും ജോലി സംബന്ധമായ കാര്യങ്ങൾക്കും വേണ്ടിയാണോ യാത്ര? നിങ്ങളുടെ യാത്രയുടെ ശരിയായ ഉദ്ദേശ്യം അനുസരിച്ച് അതിന് അനുയോജ്യമായ വിസയ്ക്ക് അപേക്ഷിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. വ്യത്യസ്തമായ വിസ വിഭാഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ അറിവുണ്ടെങ്കിൽ യുകെ ഇമിഗ്രേഷൻ നിയമങ്ങൾക്ക് അനുസൃതമായി സുഗമമായി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. അതിനാൽ, വ്യത്യസ്തമായ യുകെ വിസ ഓപ്ഷനുകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

വിസിറ്റർ വിസ: ടൂറിസം, ബിസിനസ് മീറ്റിംഗുകൾ, ആറ് മാസം വരെയുള്ള ഹ്രസ്വകാല കോഴ്‌സുകളിൽ ചേരുക തുടങ്ങിയ ചെറിയ കാലയളവിലേയ്ക്കുള്ള സന്ദർശനങ്ങൾക്ക് സ്റ്റാൻഡേർഡ് വിസിറ്റർ വിസ അനുയോജ്യമാണ്. എന്നാൽ, ഈ വിസയിൽ ജോലി ചെയ്യുന്നത് യുകെ നിരോധിച്ചിട്ടുണ്ട്. നിങ്ങൾ വിവാഹം കഴിക്കാനായി യുകെ സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മാര്യേജ് വിസിറ്റർ വിസ ആവശ്യമാണ്. വിവാഹത്തിന് ശേഷം അവിടെ ജോലി ചെയ്യാനോ ദീർഘകാലത്തേയ്ക്ക് താമസിക്കാനോ ഈ വിസ അനുവദിക്കുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വർക്ക് വിസ: ജോലി സംബന്ധമായ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത നിരവധി വർക്ക് വിസകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്‌കിൽഡ് വർക്കർ വിസ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജോലിക്കാരെ യുകെയുടെ തൊഴിൽ മേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിനും തുടർന്ന് അവരെ സ്ഥിര താമസക്കാരാക്കുന്നതിനുമാണ് യുകെ സ്കിൽഡ് വർക്കർ വിസ അവതരിപ്പിച്ചത്.

ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസ: യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഈ വിസ പ്രയോജനപ്പെടുത്താം.

ഇന്നൊവേറ്റർ ഫൗണ്ടർ വിസ: യുകെയിൽ നൂതന ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് വേണ്ടിയുള്ളതാണ് ഇന്നൊവേറ്റർ ഫൗണ്ടർ വിസ. ലൈസൻസുള്ള ഒരു യുകെ തൊഴിലുടമയുടെ സ്പോൺസർഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ, വേതന പരിധി എന്നിവ അപേക്ഷകർ ഹാജരാക്കണം.

സ്റ്റഡി വിസ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന്റെ ദൈർഘ്യവും സ്വഭാവവും അടിസ്ഥാനമാക്കി സ്റ്റഡി വിസ ഉപയോഗപ്പെടുത്താം. വിവിധ തരം സ്റ്റഡി വിസകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റുഡന്റ് വിസ: അംഗീകൃത യുകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ കോഴ്‌സുകൾക്കാണ് സ്റ്റുഡന്റ് വിസ ബാധകമാകുക. അപേക്ഷകർ കോഴ്‌സ് ദാതാവിൽ നിന്നുള്ള ഓഫർ, ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ, മതിയായ ഫണ്ടിന്റെ തെളിവ് എന്നിവ നൽകണം.

ഷോർട്ട്-ടേം സ്റ്റഡി വിസ: 6 മുതൽ 11 മാസം വരെ നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകൾക്ക് ബാധകം. ആറ് മാസം വരെയുള്ള ഹ്രസ്വകാല കോഴ്‌സുകൾക്കും സ്റ്റാൻഡേർഡ് വിസിറ്റർ വിസ ഉപയോഗിക്കാമെന്നത് മറക്കരുത്. എന്നാൽ, ഇത് ജോലിയോ ദീർഘകാല പഠനമോ അനുവദിക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

ഫാമിലി വിസ: യുകെയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി വിസ ബാധകമാണ്. ഫാമിലി വിസയിൽ താഴെ പറയുന്ന വിഭാഗങ്ങൾ ഉൾപ്പെടുന്നു:

സ്പൗസ് / പാർട്ണർ വിസ: ബ്രിട്ടീഷ് പൗരന്മാരായ അല്ലെങ്കിൽ യുകെയിൽ സ്ഥിരതാമസമാക്കിയ പങ്കാളികളുള്ള വ്യക്തികൾക്ക് ഈ വിസ ഉപയോ​ഗിക്കാം.

പാരന്റ് വിസ: ബ്രിട്ടീഷ് പൗരന്മാരായ അല്ലെങ്കിൽ സ്ഥിരതാമസമാക്കിയ കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടിയാണ് പാരന്റ് വിസ.

ചൈൽഡ് വിസ: ബ്രിട്ടീഷ് പൗരന്മാരായ അല്ലെങ്കിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോടൊപ്പമുള്ള കുട്ടികൾക്കാണ് ചൈൽഡ് വിസ ബാധകം.

അപേക്ഷിക്കേണ്ട വിധം

യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. വിസ അപേക്ഷാ കേന്ദ്രത്തിൽ ബയോമെട്രിക് അപ്പോയിന്റ്‌മെന്റിന് പുറമേ ഒരു അഭിമുഖത്തിൽ അപേക്ഷകർ പങ്കെടുക്കേണ്ടി വന്നേക്കാം. വ്യത്യസ്ത വിസകളെ അടിസ്ഥാനമാക്കി പ്രോസസ്സിംഗിന് ആവശ്യമായ സമയത്തിൽ വ്യത്യാസം വരാം. വിശദമായ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും, യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുകയോ അംഗീകൃത ഇമിഗ്രേഷൻ ഉപദേഷ്ടാക്കളെ സമീപിക്കുകയോ ചെയ്യാം.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

Top Picks for You
Top Picks for You