പാർസൽ ലഭിക്കാതിരുന്നതിനെ തുടർന്ന് കസ്റ്റമറിന് 20,000 ഡോളറോളം നൽകി ആമസോൺ. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഉപഭോക്താവിൻ്റെ പരാതിയെത്തുടർന്നാണ് ആമസോണിന് പിഴയായി 20,000 ഡോളറിനടുത്ത് നൽകേണ്ടി വന്നത്. നിയമപരമായ ഫീസുകളും ഉപഭോക്താവിന് 511.25 ഡോളർ റീഫണ്ടും നൽകാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ബി.സി. (CPBC) ഉത്തരവിട്ടു. തങ്ങളുടെ ഓർഡർ എത്തിയില്ലെന്ന് ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
കാണാതായ പാക്കേജിന് പണം തിരികെ നൽകുന്നതിൽ പരാജയപ്പെട്ടതിലൂടെ ആമസോൺ ബിസിനസ് പ്രൊട്ടക്ഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് ലംഘിച്ചതായി ഒക്ടോബർ 14-ലെ വിധിയിൽ റെഗുലേറ്റർ കണ്ടെത്തി. ഉപഭോക്താവിൻ്റെ വീട്ടിലെ ‘ഒരാൾക്ക്’ പാക്കേജ് നൽകി എന്നാണ് ആമസോൺ വാദിച്ചതെങ്കിലും, പാക്കേജ് ‘നേരിട്ട് ഉപഭോക്താവിൻ്റെ കൈകളിൽ’ തന്നെ എത്തിക്കണം എന്ന് CPBC വ്യക്തമാക്കി.
ഉപഭോക്താവിൻ്റെ സമ്മതമില്ലാതെ സാധനങ്ങൾ വാതിലിന് മുന്നിൽ വെക്കുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യരുതെന്ന് CPBC വക്താവ് ലൂയിസ് ഹാർട്ട്ലാൻഡ് പറഞ്ഞു.
ഉപഭോക്താവിൻ്റെ ധാരണയും സമ്മതവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ഡെലിവറി അനുവദനീയമാകൂ എന്നും അവർ കൂട്ടിച്ചേർത്തു. 2024 ഓഗസ്റ്റ് 29-ന് $582.75 വിലമതിക്കുന്ന കമ്പ്യൂട്ടറിനായുള്ള പോർട്ടബിൾ ഡ്യുവൽ ഡിസ്‌പ്ലേയും പോർട്ടബിൾ ഡിജിറ്റൽ ഡാറ്റാ സ്റ്റോറേജ് യൂണിറ്റും ഓർഡർ ചെയ്ത ഉപഭോക്താവിനാണ് പാക്കേജ് നഷ്ടപ്പെട്ടത്.







