കോവിഡ് 19 വാക്സിൻ എല്ലാവർക്കും സൗജന്യമാക്കണമെന്ന് പ്രവിശ്യാ സർക്കാരിനോട് ആൽബർട്ടയിലെ ഡോക്ടർമാർ. ഈ വർഷം പ്രവിശ്യയിൽ വൈറസ് രോഗങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഫലപ്രദമായ ഒരു വാക്സിനേഷൻ പദ്ധതിക്ക് നിരവധി അണുബാധകൾ തടയാൻ കഴിയുമെന്ന് ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡൻ്റ് ഡോ. ബ്രയാൻ വിർസ്ബ പറഞ്ഞു.
വാക്സിനായി പണം ഈടാക്കുന്ന നിലവിലെ സംവിധാനത്തെ ഡോ. ബ്രയാൻ വിർസ്ബ വിമർശിച്ചു. പല ആൽബെർട്ടക്കാരും ഉയർന്ന ജീവിതച്ചെലവുമായി മല്ലിടുകയാണ്. അതിനാൽ അവർ വാക്സിനേഷൻ ഒഴിവാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ പാഴാകുന്നത് കുറയ്ക്കുന്നതിന് വേണ്ടിയാണ് പണം ഈടാക്കുന്നതെന്നാണ് പ്രവിശ്യാ സർക്കാർ പറയുന്നത്. എന്നാൽ വാക്സിൻ പാഴാകുന്നത് പൊതുജനങ്ങളുടെ ആവശ്യം കുറയുന്നതുകൊണ്ടല്ല, മറിച്ച് മോശം ആസൂത്രണം മൂലമാണെന്ന് ഡോ. വിർസ്ബ പറഞ്ഞു.
310 പേർക്ക് വാക്സിൻ നൽകുന്നതിന് വരുന്ന ചെലവ് COVID-19 ബാധിച്ചൊരാൾക്ക് ആശുപത്രിയിൽ ചികിത്സയൊരുക്കുന്നതിന് തുല്യമാണെന്ന് എഎംഎയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫീസ് കാരണം വെറും 5 ശതമാനം ആളുകൾ വാക്സിനേഷൻ ഒഴിവാക്കുകയാണെങ്കിൽ, ആശുപത്രി ചെലവുകൾ $65 മില്യൺ ഡോളറിലധികം വർദ്ധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചിരുന്നെങ്കിൽ 3,400 ആശുപത്രിവാസങ്ങൾ ഒഴിവാക്കാനും $100 മില്യൺ ലാഭിക്കാനും കഴിയുമായിരുന്നു എന്നും സംഘടനയുടെ പഠനത്തിൽ വ്യക്തമായിരുന്നു.







