കോഴിക്കോട്: വിവരാവകാശ അപേക്ഷകളിൽ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികൾ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികൾ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥർ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. സർക്കാർ ഫയലുകളിൽ നടപടികൾ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകൾ വർധിക്കുന്നത്. ഓഫിസുകളിൽ വിവരങ്ങൾ അടങ്ങിയ ഫയലുകൾ ക്രമീകരിച്ച് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാവുന്ന തരത്തിൽ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരം നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ മുൻ ക്ലീൻ സിറ്റി മാനേജർക്കെതിരെയും കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഓഫിസിലെ മുൻ വിവരാവകാശ ഓഫിസർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ പറഞ്ഞു. മീഞ്ചന്ത ആർട്‌സ് കോളജിലെ പിടിഎ വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷയിൽ, വിവരാവാകാശ നിയമത്തിന്റെ പരിധിയിൽ പിടിഎ വരുമെന്നും അപേക്ഷകനു വിവരങ്ങൾ നൽകണമെന്നും കമ്മിഷൻ പ്രിൻസിപ്പലിനോട് നിർദേശിച്ചു. എസ്എൻ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവരം നൽകാൻ ട്രസ്റ്റിന് വേണ്ടി ഹാജരായ പ്രിൻസിപ്പലിനോടും നിർദേശിച്ചു. പ്രിൻസിപ്പലിനു നൽകാൻ കഴിയാത്ത വിവരങ്ങൾ കൈമാറാൻ മാനേജ്‌മെന്റ് സംവിധാനം ഒരുക്കണമെന്നും കമ്മിഷണർ നിദേശിച്ചു
താമരശ്ശേരി താലൂക്ക് ഓഫിസ് നൽകിയ എഫ്എംബി രേഖകളിൽ കൃത്യതയും വ്യക്തതയുമില്ലെന്ന പരാതിയിൽ ഹർജിക്കാരനായ പത്മനാഭക്കുറുപ്പിനു കൃത്യമായ രേഖകൾ നൽകാൻ താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരോട് ആവശ്യപ്പെട്ടു. ഫീസ് അടച്ചിട്ടും സമയപരിധിക്കുള്ളിൽ വിവരം നൽകിയില്ലെന്ന് പരാതിപ്പെട്ട അപേക്ഷകന് സൗജന്യമായി വിവരം നൽകാനും അടച്ച ഫീസ് തിരികെ നൽകാനും കമ്മിഷൻ നിർദേശം നൽകി. ഹിയറിങ്ങിൽ 13 അപേക്ഷകൾ തീർപ്പാക്കി. ഹിയറിങ്ങിൽ ഹാജരാവാത്തവർക്ക് സമൻസ് അയക്കുമെന്നും കമ്മിഷണർ അറിയിച്ചു.