കപ്പലിൻ്റെ കൈവരിയിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കടലിലേക്ക് വീണ അഞ്ച് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഡിസ്നി ക്രൂയിസ് കപ്പലിൽ കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ബാലൻസ് തെറ്റി കുട്ടി ഏകദേശം 50 അടി താഴ്ചയിലേക്കാണ് വീണത്. കപ്പൽ ജീവനക്കാർ എത്തുന്നതിനു മുൻപ് തന്നെ കുട്ടിയുടെ പിതാവ് കടലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം 20 മിനിറ്റിനുശേഷം രക്ഷാസംഘം അവിടെയെത്തുകയും ഇരുവരേയും സുരക്ഷിതമായി കപ്പലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.
കുട്ടിക്ക് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാൻ സാധിച്ചു, എന്നാൽ പിതാവിന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ബഹാമാസിൽ നിന്ന് ഫ്ലോറിഡയിലേക്ക് മടങ്ങുന്നതിനിടെ ആദ്യമായി ക്രൂയിസ് യാത്ര ചെയ്യുന്ന കുടുംബമായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ, പോർട്ട്‌ഹോളിന് ഗ്ലാസ് കവറിംഗ് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉത്തരവാദിത്തമില്ലാത്ത നടപടി എന്നായിരുന്നു സംഭവത്തെ പൊലീസ് വിശേഷിപ്പിച്ചത്. കുട്ടിയോടുള്ള അവഗണനയ്ക്ക് കേസെടുക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ഇത് ക്രിമിനൽ അശ്രദ്ധയുടെ പരിധിയിൽ വരുന്നില്ലെന്ന് പറഞ്ഞ് പ്രോസിക്യൂട്ടർമാർ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചു.







