ഒൻ്റാരിയോയയിലെ തണ്ടർ ബേയിലുള്ള സ്കൂളിൽ ആക്രമണം നടത്താൻ ഓൺലൈൻ വഴി പദ്ധതിയിട്ട 13 വയസ്സുകാരനായ വിദ്യാർത്ഥിക്ക് എതിരെ കേസെടുത്തു. യുഎസ്സിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഇൻ്റർപോൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ ചേർന്നാണ് ഈ കുട്ടിയെ കണ്ടെത്തിയത്. ഓൺലൈൻ ആശയവിനിമയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ ആറിനാണ് തണ്ടർ ബേ പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിലുള്ള സംഭാഷണങ്ങളാണ് കണ്ടെത്തിയത്.
വിദേശത്തുള്ള മറ്റൊരു വ്യക്തിയുമായി ചേർന്നാണ് ഈ കൗമാരക്കാരൻ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത്. ഇതിനായി പരസ്പരം ഉപദേശം നൽകിയിരുന്നതായും പോലീസ് പറയുന്നു. ആസൂത്രണം ചെയ്ത ആക്രമണം സമീപഭാവിയിൽ തന്നെ നടപ്പാക്കാൻ സാധ്യതയുണ്ടായിരുന്നു. കൊലപാതകം ചെയ്യാൻ ഗൂഢാലോചന നടത്തിയതിനും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതിനും ആണ് 13 വയസ്സുകാരനെതിരെ കേസെടുത്തിരിക്കുന്നത്.
നിലവിൽ കസ്റ്റഡിയിലുള്ള ഈ വിദ്യാർത്ഥിയുടെ പേര് യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പുറത്തുവിട്ടിട്ടില്ല. ഒറ്റപ്പെടൽ, ജിജ്ഞാസ തുടങ്ങിയ ദുർബലതകളെ ചൂഷണം ചെയ്ത് കുട്ടികളെ ഓൺലൈനിലൂടെ എങ്ങനെ വഴിതെറ്റിക്കാൻ സാധിക്കും എന്നതിൽ മാതാപിതാക്കൾക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണിതെന്ന് പോലീസ് വ്യക്തമാക്കി







