ന്യൂയോര്‍ക്ക് : യുഎസിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും ഭീഷണിയായതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താങ്ക്സ്ഗിവിങ് ദിനമായ വ്യാഴാഴ്ചയാണ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിലേക്ക് ശക്തമായി നീങ്ങിയത്. ന്യൂയോര്‍ക്ക് പട്ടണവും ലോങ് ഐലന്‍ഡും ഉള്‍പ്പെടെയുള്ള തെക്കന്‍ ന്യൂയോര്‍ക്കിലെ വിവിധ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രശസ്തമായ മേസീസ് താങ്ക്സ്ഗിവിങ് പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റുകയും ഫിലഡൽഫിയയിലെ പരേഡ് ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ടോടെ വെസ്റ്റ് വെർജീനിയ മുതല്‍ ന്യൂജഴ്സി വരെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. പെൻസിൽവേനിയയില്‍ 2.30 ലക്ഷത്തിലധികം പേര്‍ക്കും മേരിലാന്‍ഡില്‍ 1.60 ലക്ഷത്തിലധികം പേര്‍ക്കും ന്യൂജഴ്സിയില്‍ 1.40 ലക്ഷത്തോളം പേര്‍ക്കും വെർജീനിയയില്‍ 1.39 ലക്ഷത്തോളം പേര്‍ക്കും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 74 മൈല്‍ വേഗത്തിൽ വെസ്റ്റ് വെർജീനിയയിലെ സ്നോഷൂവില് കാറ്റ് വീശി. ന്യൂജഴ്സിയിലെ വിവിധ മേഖലകളിലും മണിക്കൂറില്‍ 58 മുതല്‍ 65 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. റോക്ക്വില്ലില്‍ കാറ്റിനെ തുടര്‍ന്ന് വാണിജ്യ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇവിടെ നിന്നും രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.








