പാലക്കാട് പെരുങ്ങോട്ടുകുറിശിയിലുള്ള ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നാലംഗ സംഘം വൻ കവർച്ച നടത്തി. ജീവനക്കാർക്ക് നേരെ വെടിയുതിർത്ത ശേഷമാണ് സംഘം 20 പവൻ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞത്. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കടയുടമ സനാദിന്റെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്ക് ചൂണ്ടുന്നതും കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സംഭവസമയത്ത് കടയുടമ സനാദും ഭാര്യ ദിവ്യയും മറ്റ് രണ്ട് ജീവനക്കാരുമായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. സനാദും ജീവനക്കാരും കടയുടെ പിൻഭാഗത്ത് ഭക്ഷണം കഴിക്കുകയായിരുന്ന നേരത്ത് ദിവ്യയും മറ്റൊരു ജീവനക്കാരിയും മാത്രമായിരുന്നു കൗണ്ടറിലുണ്ടായിരുന്നത്. ഈ തക്കം നോക്കിയാണ് സംഘം എത്തിയത്. നാലംഗ സംഘത്തിലെ ഡ്രൈവർ കാറിൽത്തന്നെ ഇരിക്കുകയും മറ്റ് മൂന്ന് പേർ കടയ്ക്കുള്ളിൽ കയറി സ്വർണമാല ആവശ്യപ്പെടുകയുമായിരുന്നു.
മാല എടുത്തുനൽകുന്നതിനിടെ അക്രമികൾ പെട്ടെന്ന് തോക്ക് പുറത്തെടുക്കുകയും രണ്ട് പേർ കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാർ ചെറുക്കാൻ ശ്രമിച്ചെങ്കിലും സംഘം അലമാരയിൽ നിന്നും ആഭരണപ്പെട്ടി കൈക്കലാക്കി. തുടർന്ന് ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സനാദും മറ്റുള്ളവരും ഓടിയെത്തുമ്പോഴേക്കും സംഘം കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. അക്രമികൾ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.








