തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഓൺലൈനായി ടിക്കറ്റ് തുക നൽകുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ ചലോ ആപ്പിൽ പുതിയ ഫീച്ചറുകൾ കൊണ്ടുവന്നു. ‘സ്കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നീ സംവിധാനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ടക്ടർമാരുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ തെളിയുന്ന ചലോ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ്പ് വഴി നേരിട്ട് പണമടയ്ക്കാൻ ‘സ്കാൻ ആൻഡ് പേ’ വഴി സാധിക്കും. മറ്റു പേയ്മെന്റ് ആപ്പുകളിലേക്ക് പോകാതെ തന്നെ ചലോ ആപ്പിൽ നേരിട്ട് യുപിഐ പിൻ നൽകി പണമടയ്ക്കാം എന്നതാണ് ‘ചലോ യുപിഐ’യുടെ പ്രത്യേകത.
ഈ പുതിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന യാത്രക്കാർക്കായി നവംബർ 30 വരെ പ്രത്യേക ക്യാഷ്ബാക്ക് ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായ ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക; ഒരു ഇടപാടിൽ ലഭിക്കുന്ന പരമാവധി ക്യാഷ്ബാക്ക് തുക 10 രൂപയായിരിക്കും. 24 മണിക്കൂറിനുള്ളിൽ ക്യാഷ്ബാക്ക് തുക ആപ്പിലൂടെ ലഭ്യമാകും. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. പുതിയ ഓപ്ഷനുകൾ ആപ്പിൽ കാണുന്നില്ലെങ്കിൽ ആപ്പ് ലേറ്റസ്റ്റ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.








