കോഴിക്കോട് • ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ഭൂരിഭാഗവും യഥാർത്ഥ ലൈസൻസ് ഉടമകളല്ല കച്ചവടം നടത്തുന്നതെന്ന് കണ്ടെത്തൽ. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഫുഡ് സ്ട്രീറ്റിൽ നടത്തിയ പരിശോധനയിലാണ് പലരും തങ്ങളുടെ കടകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് മറിച്ചുനൽകിയതായി വ്യക്തമായത്. രണ്ട് ദിവസമായി ആരോഗ്യവകുപ്പ് തുടരുന്ന പരിശോധന ഇന്നലെയും നടന്നു. സാധാരണക്കാരായ തട്ടുകടക്കാർക്ക് ഉപജീവനത്തിനായി നൽകിയ ലൈസൻസിന്റെ മറവിൽ, വലിയ സൗകര്യങ്ങളൊരുക്കി ഹോട്ടലുകൾക്ക് സമാനമായ രീതിയിൽ കച്ചവടം നടത്തുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇന്നലെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ മിക്ക കടകളിലും ലൈസൻസ് ഉടമകൾ ഉണ്ടായിരുന്നില്ല.
ലൈസൻസ് ഉടമ ‘പുറത്തു പോയിരിക്കുകയാണ്, കടയിൽ പോയി, ആശുപത്രിയിൽ പോയി’ എന്നിങ്ങനെയുള്ള മറുപടികളാണ് കടയിലുണ്ടായിരുന്നവർ നൽകിയത്. നിയമപ്രകാരം ലൈസൻസ് ലഭിച്ച വ്യക്തിക്ക് മാത്രമേ കച്ചവടം നടത്താൻ അനുവാദമുള്ളൂ; ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ പങ്കാളിക്കോ മക്കൾക്കോ കച്ചവടം ഏറ്റെടുക്കാം. എന്നാൽ മിക്ക കടകളിലും അതിഥിത്തൊഴിലാളികളും മറ്റുമാണ് ജോലി ചെയ്തിരുന്നത്. മൂന്നും നാലും തൊഴിലാളികളെ വെച്ച് പ്രവർത്തിക്കുന്ന തട്ടുകടകളും ഇക്കൂട്ടത്തിലുണ്ട്. ഈ തൊഴിലാളികളുടെയെല്ലാം വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കൂടാതെ, അനുമതി ലഭിച്ച ഇനങ്ങൾക്ക് പകരം മറ്റ് കച്ചവടങ്ങൾ നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.
ശുചിത്വം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിശോധന നടത്തിയിരുന്നെങ്കിലും പല കടകളിലും നിയമലംഘനങ്ങൾ ഇന്നലെയും തുടർന്നു. തട്ടുകടകളിൽ പാചകം അനുവദനീയമല്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടും, ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നതും തുടരുകയാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.








