ഓട്ടവ : യുഎസിന് പിന്നാലെ കാനഡയിലെ പ്രമുഖ സ്ഥാപനങ്ങളിലും സൈബർ ആക്രമണം തുടർക്കഥയാകുന്നു. നാല് പ്രമുഖ നിയമ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡയിലും സൈബർ ആക്രമണം ഉണ്ടായതായി കമ്പനി വക്താവ് അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന സംവിധാനങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ ചില ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായും കമ്പനി സ്ഥിരീകരിച്ചു.
പേരുകൾ, ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ ബിസിനസ് കോൺടാക്റ്റ് വിവരങ്ങളും ഐപി (IP) വിലാസങ്ങളും ഉൾപ്പെടെയുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി കമ്പനി പറയുന്നു. എന്നാൽ, കൂടുതൽ പ്രാധാന്യമുള്ളതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ അടങ്ങിയേക്കാവുന്ന ഫയലുകളോ പിഡിഎഫ് (PDF) രേഖകളോ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ബെൽ കാനഡ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തെ വേഗത്തിൽ നിയന്ത്രിക്കാനും ബാധിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി.
ഒക്ടോബറിൽ കാനഡയിലെ നാല് പ്രമുഖ നിയമ സ്ഥാപനങ്ങൾക്ക് നേരെയും സൈബർ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ, തങ്ങളുടെ ചില ഇടപാടുകാരുടെ നികുതി രേഖകൾ ചോർന്നതായി ‘കെപിഎംജി കാനഡ’ ഈ ആഴ്ച ആദ്യം സ്ഥിരീകരിച്ചു.








