വാഷിങ്ടൺ : ഇടക്കാല തിരഞ്ഞെടുപ്പ് പരാജയത്തോടെ കോൺഗ്രസിന്‍റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുമായി സഹകരിക്കാൻ തയാറാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നയപരമായ വിഷയങ്ങളിൽ ഇരുപാർട്ടികൾക്കും ധാരണയിലെത്താൻ കഴിയുമെങ്കിൽ ഡെമോക്രാറ്റുകൾക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളും വിമർശനങ്ങളും ആറു മാസത്തേക്ക് ഒഴിവാക്കാമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ഡെമോക്രാറ്റുകളെ അധിക്ഷേപിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തന്നെ എതിർപക്ഷത്തെ നേതാക്കളിൽ ഭൂരിഭാഗത്തെയും ‘ഡംബൊക്രാറ്റ്സ്’ (Dumbocrats) എന്ന് വിളിച്ച് ട്രംപ് പരിഹസിച്ചു. ഡെമോക്രാറ്റുകൾ എന്ന വാക്കിനൊപ്പം ‘ഡം’ (മണ്ടൻ) എന്ന പദം ചേർത്തുള്ള പ്രയോഗമായിരുന്നു ഇത്.
കുടിയേറ്റം, സാമ്പത്തിക വികസനം തുടങ്ങിയ നിർണായക വിഷയങ്ങളിൽ പ്രതിപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളിൽ പരസ്പര ധാരണയിലെത്താൻ സഹായിക്കുന്നതിനായി തന്‍റെ വീറ്റോ അധികാരവും വരും ദിവസങ്ങളിൽ സജീവമായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







