ഗ്രാഫിക് ഡിസൈൻ രംഗത്തെ പ്രമുഖ കമ്പനിയായ കാൻവ, തങ്ങളുടെ ആകെ ജീവനക്കാരുടെ 22 ശതമാനത്തോളം വരുന്ന 1,271 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. എഐ രംഗത്തുണ്ടായ ചെലവു വർദ്ധനവും മേഖലയിലെ കടുത്ത മത്സരവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും, പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കായി കാൻവ പ്രഖ്യാപിച്ച ആകർഷകമായ സാമ്പത്തിക-സേവന ആനുകൂല്യ പാക്കേജുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സേവനമനുഷ്ഠിച്ചിരുന്ന രാജ്യവും സ്ഥലവും നോക്കാതെ എല്ലാ മുൻ ജീവനക്കാർക്കും കുറഞ്ഞത് ആറു മാസത്തെ ശമ്പളവും 12 മാസത്തേക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും കമ്പനി ഉറപ്പുനൽകുന്നു. ജോലിക്കായി നൽകിയ മാക്ബുക്ക് ലാപ്ടോപ്പുകൾ തിരികെ വാങ്ങാതെ അവർക്ക് തന്നെ നൽകാനും, ഒരു വർഷത്തെ ലിങ്ക്ഡ്ഇൻ പ്രീമിയം സബ്സ്ക്രിപ്ഷനും നൽകാനും തീരുമാനമായിട്ടുണ്ട്. കൂടാതെ, വെസ്റ്റിംഗ് ക്ലിഫ് വ്യവസ്ഥയിൽ ഇളവു നൽകി ഒരു വർഷം പൂർത്തിയാകാത്തവർക്കും ഓഹരി ആനുകൂല്യങ്ങൾ നിലനിർത്താനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക കരിയർ കൗൺസിലിംഗും അഭിമുഖങ്ങൾക്കുള്ള പരിശീലനവും റെസ്യൂമെ തയാറാക്കാനുള്ള സഹായങ്ങളും കാൻവ ലഭ്യമാക്കും. ഇതിനായി കമ്പനിയുടെ ടാലന്റ് അക്വിസിഷൻ ടീമിനെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നവർക്കായി 10,000 ഡോളറിന്റെ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ 13 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണിതെന്ന് വ്യക്തമാക്കിയ സിഇഒ മെലാനി പെർക്കിൻസ്, ജീവനക്കാർക്കും കുടുംബങ്ങൾക്കുമുണ്ടായ പ്രയാസത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു.







