കാനഡയിൽ ലൈംഗികരോഗങ്ങൾ ആശങ്കാജനകമായി പടരുന്നതായി റിപ്പോർട്ട്. പത്ത് വർഷത്തിനിടെ രാജ്യത്ത് സിഫിലിസ് രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വർധിച്ചതായി കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം സിഫിലിസിന് പുറമേ ക്ലമീഡിയ (Chlamydia), ഗൊണോറിയ (Gonorrhea) എന്നീ രോഗങ്ങളുടെ നിരക്കും ക്രമാതീതമായി ഉയരുകയാണ്. സമയബന്ധിതമായി രോഗനിർണയം നടത്താത്തതും പരിശോധനകൾ നേരിടുന്ന തടസ്സങ്ങളുമാണ് ലൈംഗികരോഗങ്ങൾ പടർന്നു പിടിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2014-നും 2023-നും ഇടയിൽ സിഫിലിസ് രോഗനിരക്ക് നാലിരട്ടിയിലധികം വർധിച്ചു. ഇതോടെ ഗർഭസ്ഥ ശിശുക്കളിലേക്ക് രോഗം പകരുന്ന കൺജനിറ്റൽ സിഫിലിസ് (Congenital Syphilis) നിരക്കിലും 2018 മുതൽ 2023 വരെയുള്ള കാലയളവിൽ മൂന്നിരട്ടിയിലധികം വർധന ഉണ്ടായതായി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു. ഗർഭാവസ്ഥയിലോ പ്രസവസമയത്തോ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകലുന്ന ഈ രോഗം, ഗർഭസ്ഥശിശു മരണത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
ജനങ്ങളിൽ കൃത്യമായ അവബോധം വളർത്തിയും ദ്രുത പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് പരിശോധന കാര്യക്ഷമമാക്കിയാൽ മാത്രമേ രോഗവ്യാപനം തടയാനും സാധിക്കൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.







